തെന്നിന്ത്യയിലെ ശ്രദ്ധേയ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രം 'രുധിരം' ട്രെയിലര്‍ പുറത്തിറങ്ങി. ഓരോ സെക്കന്‍ഡും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും മനസ്സില്‍ തറയ്ക്കുന്ന പശ്ചാത്തല സംഗീതവും അതിദുരൂഹമായ ചില സംഭാഷണ ശകലങ്ങളുമായാണ് ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്.
നവാഗതനായ ജിഷോ ലോണ്‍ ആന്റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് അപര്‍ണ ബാലമുരളിയാണ്. ജോസഫ് കിരണ്‍ ജോര്‍ജാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 'The axe forgets but the tree remembers' എന്ന ടാഗ് ലൈനോടെയാണ് രുധിരം എത്തുന്നത്.
സൈക്കോളജിക്കല്‍ സര്‍വൈവല്‍ ത്രില്ലറായെത്തുന്ന ചിത്രം വേറിട്ട രീതിയിലുള്ളൊരു ദൃശ്യവിസ്മയം ആകുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. രാജ് ബി ഷെട്ടിയുടേയും അപര്‍ണയുടേയും തികച്ചും വന്യമായ അഭിനയമുഹൂര്‍ത്തങ്ങളും ഗംഭീര ആക്ഷനും കൂടി ചിത്രത്തിലുണ്ടെന്ന് ട്രെയിലറില്‍ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്.
Slowly move to the left side എന്ന് രാജ് ബി ഷെട്ടിയുടെ കഥാപാത്രം പറയുന്നതും ആ ഡയലോഗ് ആവര്‍ത്തിച്ചു വരുന്നതും ട്രെയ്‌ലറിന്റെ തീവ്രത വര്‍ധിപ്പിക്കുന്നുണ്ട്. തികച്ചും സാധാരണമെന്ന് തോന്നിക്കുന്ന വാചകം ആകാംക്ഷയും ഭയവും ജനിപ്പിക്കും വിധം അവതരിപ്പിച്ചിരിക്കുന്നതിനെ കുറിച്ച് പലരും കമന്റുകളില്‍ കുറിക്കുന്നുണ്ട്.
സിനിമയുടേതായി അടുത്തിടെ എത്തിയിരുന്ന ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റിലും ടീസര്‍ ഇടം പിടിച്ചിരുന്നു. ട്രെയിലറും ഏവരും ഏറ്റെടുത്തിരിക്കുകയാണ്. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.
ഒരു ഡോക്ടറിന്റെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി എന്നാണ് സൂചന. 'ഒണ്ടു മോട്ടേയ കഥേ', 'ഗരുഡ ഗമന ഋഷഭ വാഹന' എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷകമനം കവര്‍ന്ന രാജ് ബി. ഷെട്ടി കന്നഡയിലെ നവതരംഗ സിനിമകളുടെ ശ്രേണിയില്‍ ഉള്‍പ്പെട്ടയാളാണ്. മലയാളത്തില്‍ 'ടര്‍ബോ'യിലും 'കൊണ്ടലി'ലും അദ്ദേഹം മികച്ച വേഷങ്ങളില്‍ എത്തിയിരുന്നു. രാജ് ബി. ഷെട്ടിയും അപര്‍ണയും ഒന്നിച്ചെത്തുന്ന 'രുധിരം' മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ട്രെയിലര്‍ പുറത്തിറങ്ങിയതോടെ സിനിമാപ്രേക്ഷകര്‍.
റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി.എസ്. ലാലനാണ് 'രുധിരം' നിര്‍മ്മിക്കുന്നത്. ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു. സഹ സംവിധായകനായി സിനിമാ ലോകത്തെത്തിയ സംവിധായകന്‍ ജിഷോ ലോണ്‍ ആന്റണി ഒട്ടേറെ പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 123 മ്യൂസിക്‌സ് ആണ് സിനിമയുടെ മ്യൂസിക് പാര്‍ട്‌നര്‍. ഫാര്‍സ് ഫിലിംസ് ആണ് ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്‌നര്‍.
ചിത്രത്തിന്റെ കന്നഡ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് കന്നഡയിലെ ശ്രദ്ധേയ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ്. ഇന്ത്യന്‍ സിനിമയില്‍ ബോക്‌സ് ഓഫീസില്‍ തരംഗം തീര്‍ത്ത 'കെജിഎഫ്', 'കെജിഎഫ് 2', 'സലാര്‍' തുടങ്ങിയ ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് 'ആടുജീവിതം', 'എആര്‍എം' തുടങ്ങിയ മലയാള സിനിമകളുടെ കന്നഡ വിതരണാവകാശം മുമ്പ് സ്വന്തമാക്കിയിട്ടുണ്ട്. ഒരു കന്നഡ നടന്‍ നായകനായെത്തുന്ന മലയാള സിനിമയുടെ കന്നഡ വിതരണാവകാശം ഹോംബാലെ സ്വന്തമാക്കുന്നത് ഇതാദ്യമായാണ് എന്ന പ്രത്യേകതയും രുധിരത്തിനുണ്ട്.
'രുധിര'ത്തിന്റെ ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റിംഗ്: ഭവന്‍ ശ്രീകുമാര്‍, സംഗീതം: 4 മ്യൂസിക്‌സ്, ഓഡിയോഗ്രഫി: ഗണേഷ് മാരാര്‍, ആര്‍ട്ട്: ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, വി.എഫ്.എക്സ് സൂപ്പര്‍വൈസര്‍: എഎസ്ആര്‍, വി.എഫ്.എക്‌സ് പ്രൊഡ്യൂസര്‍: മനീഷ മാധവന്‍, ആക്ഷന്‍: റോബിന്‍ ടോം, ചേതന്‍ ഡിസൂസ, റണ്‍ രവി, ചീഫ് അസോ.ഡയറക്ടര്‍: ക്രിസ് തോമസ് മാവേലി, അസോ. ഡയറക്ടര്‍: ജോമോന്‍ കെ ജോസഫ്, വിഷ്വല്‍ പ്രൊമോഷന്‍: ഡോണ്‍ മാക്‌സ്, കാസ്റ്റിങ് ഡയറക്ടര്‍: അലന്‍ പ്രാക്, എക്‌സി.പ്രൊഡ്യൂസേഴ്‌സ്: ശ്രുതി ലാലന്‍, നിധി ലാലന്‍, വിന്‍സെന്റ് ആലപ്പാട്ട്, സ്റ്റില്‍സ്: റെനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിച്ചാര്‍ഡ്, പോസ്റ്റ് പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റര്‍: ബാലു നാരായണന്‍, കളറിസ്റ്റ്: ബിലാല്‍ റഷീദ്, വിഎഫ്എക്‌സ് സ്റ്റുഡിയോ: കോക്കനട്ട് ബഞ്ച്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഷബീര്‍ പി, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ് എല്‍എല്‍പി, പിആര്‍ഒ: പ്രതീഷ് ശേഖര്‍.
Content Highlights: Raj B Shetty and Aparna Balamurali starring Rudhiram movie trailer out