റെക്കോര്‍ഡെല്ലാം റപ്പാ..റപ്പാ..; ഇന്ത്യന്‍ സിനിമാ ബോക്‌സ് ഓഫീസിന് ഇനി ഒറ്റപ്പേര് 'പുഷ്പ'

അടുത്ത കാലത്തൊന്നും ഈ പുതിയ കളക്ഷന്‍ റെക്കോര്‍ഡ് ഭേദിക്കാനാവില്ലെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്

dot image

ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളെല്ലാം അരിഞ്ഞു വീഴ്ത്തി മുന്നേറുകയാണ് അല്ലു അര്‍ജുന്റെ പുഷ്പ 2. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വേഗത്തില്‍ 500 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പയുടെ രണ്ടാം ഭാഗം. നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

18 ദിവസം കൊണ്ടാണ് ഷാരൂഖ് ഖാന്റെ ജവാന്‍ 500 കോടി നേടിയത്. 'സ്ത്രീ 2' 22 ദിവസവും 'ഗദ്ദര്‍ 2' 24 ദിവസവും എടുത്തായിരുന്നു 500 കോടി ക്ലബിലെത്തിയത്. അപ്പോഴാണ് വെറും മൂന്ന് ദിവസം കൊണ്ട് പുഷ്പ അത്ഭുതപ്പെടുത്തുന്ന നേട്ടം കൈവരിച്ചിരിക്കുന്നത്. അടുത്ത കാലത്തൊന്നും ഒരു സിനിമയ്ക്കും ഈ പുതിയ കളക്ഷന്‍ റെക്കോര്‍ഡ് ഭേദിക്കാനാവില്ലെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്

300 മുതല്‍ 400 കോടി വരെയാണ് ചിത്രത്തിന്റെ നിര്‍മാണത്തിനായി ചിലവായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്.

രണ്ടാം ദിനത്തില്‍ തെലുങ്ക് പതിപ്പ് 27.1 കോടി നേടിയപ്പോള്‍ ഹിന്ദി പതിപ്പ് 55 കോടിയാണ് നേടിയത്. ഇതോടെ ഹിന്ദി പതിപ്പ് മാത്രം 125.3 കോടിയാണ് നേടിയത്. തെലുങ്ക് പതിപ്പാകട്ടെ 118.05 കോടിയും കളക്ട് ചെയ്തിട്ടുണ്ട്. ഇവയ്ക്ക് പുറമെ തമിഴിലും സിനിമയ്ക്ക് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്.

പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ഈ ജൈത്രയാത്ര തുടര്‍ന്നാല്‍ സിനിമയുടെ ടോട്ടല്‍ കളക്ഷന്‍ 1000 കോടി കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടിയായിരുന്നു നേടിയത്. ഇതും റെക്കോര്‍ഡായിരുന്നു.

ലോകമെമ്പാടുമുള്ള 12,500 ല്‍ അധികം സ്‌ക്രീനുകളില്‍ ആണ് പുഷ്പ 2 ഇറങ്ങിയിരിക്കുന്നത്. പ്രീ സെയിലില്‍ നിന്ന് മാത്രം ചിത്രം 100 കോടി നേടിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlights: Pushpa 2 becomes fastest 500 crores collected movie in Indian cinema history

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us