അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 ദി റൂൾ ആഗോള ബോക്സ് ഓഫീസിൽ വമ്പൻ മുന്നേറ്റമാണ് തുടരുന്നത്. രണ്ട് ദിവസം പിന്നിടുമ്പോൾ സിനിമ 400 കോടിക്ക് മുകളിൽ നേടി കഴിഞ്ഞു. കൗതുകമുണർത്തുന്ന വസ്തുത എന്തെന്നാൽ രണ്ടാം ദിനത്തിലേക്ക് വരുമ്പോൾ പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാൾ ഹിന്ദി പതിപ്പാണ് കൂടുതൽ കളക്ഷൻ നേടിയിരിക്കുന്നത്.
രണ്ടാം ദിനത്തിൽ തെലുങ്ക് പതിപ്പ് 27.1 കോടി നേടിയപ്പോൾ ഹിന്ദി പതിപ്പ് 55 കോടിയാണ് നേടിയത്. ഇതോടെ ഹിന്ദി പതിപ്പ് മാത്രം 125.3 കോടിയാണ് നേടിയത്. തെലുങ്ക് പതിപ്പാകട്ടെ 118.05 കോടിയും കളക്ട് ചെയ്തിട്ടുണ്ട്. ഇവയ്ക്ക് പുറമെ തമിഴിലും സിനിമയ്ക്ക് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്.
പുഷ്പ ആദ്യഭാഗം ആഗോളതലത്തിൽ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുകയാണ് രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരിക്കുന്നത്. ഈ ജൈത്രയാത്ര തുടർന്നാൽ സിനിമയുടെ ടോട്ടൽ കളക്ഷൻ 1000 കോടി കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ആദ്യദിനത്തിൽ മാത്രം സിനിമ ആഗോളതലത്തിൽ 294 കോടിയായിരുന്നു നേടിയത്.
ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 ഇറങ്ങിയിരിക്കുന്നത്. പ്രീ സെയിലിൽ നിന്ന് മാത്രം ചിത്രം 100 കോടി നേടിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: Pushpa 2 hindi version has more collection than telugu version