അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 ദി റൂൾ ആഗോള ബോക്സ് ഓഫീസിൽ വമ്പൻ മുന്നേറ്റമാണ് തുടരുന്നത്. രണ്ട് ദിവസം പിന്നിടുമ്പോൾ റെക്കോർഡ് കളക്ഷനാണ് സിനിമ നേടിയിരിക്കുന്നത്. സിനിമ ഇതിനകം 400 കോടിക്ക് മുകളിൽ നേടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിലും സിനിമക്ക് രണ്ടാം ദിനം മികച്ച കളക്ഷനാണ് ലഭിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ആദ്യ ദിനം കേരളത്തിൽ നിന്ന് 6.35 കോടി നേടിയെന്നാണ് നിർമാതാക്കൾ പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് മോശം പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും അത് സിനിമയുടെ കളക്ഷനെ ബാധിക്കുന്നില്ല. രണ്ടാം ദിനം പുഷ്പ 2 ദി റൂൾ കേരളത്തിൽ നിന്ന് 2.25 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. ആർആർആർ, കൽക്കി 2898 എഡി, സലാർ എന്നീ സിനിമകൾക്ക് ശേഷം രണ്ടാം ദിനം ഒരു തെലുങ്ക് ഡബ് സിനിമ കേരളത്തിൽ നിന്ന് നേടുന്ന ഉയർന്ന കളക്ഷൻ ആണിത്. ആർആർആർ 3.20 കോടി നേടിയപ്പോൾ പ്രഭാസ് ചിത്രമായ കൽക്കി 2898 എഡി 2.73 കോടി നേടി. സലാർ 2.63 കോടിയാണ് രണ്ടാം ദിനം നേടിയത്. പുഷ്പ കേരളത്തിൽ നിന്നുമാത്രം 30 കോടി കടക്കുമെന്നാണ് കണക്കുകൂട്ടലുകൾ.
സിനിമ ഇതിനകം 400 കോടിക്ക് മുകളിൽ നേടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രം സിനിമ 265 കോടി നേടിയതായാണ് റിപ്പോർട്ട്. പുഷ്പ ആദ്യഭാഗം ആഗോളതലത്തിൽ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുകയാണ് രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരിക്കുന്നത്. ഈ ജൈത്രയാത്ര തുടർന്നാൽ സിനിമയുടെ ടോട്ടൽ കളക്ഷൻ 1000 കോടി കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ആദ്യദിനത്തിൽ മാത്രം സിനിമ ആഗോളതലത്തിൽ 294 കോടിയായിരുന്നു നേടിയത്.
ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 ഇറങ്ങിയിരിക്കുന്നത്. പ്രീ സെയിലിൽ നിന്ന് മാത്രം ചിത്രം 100 കോടി നേടിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highights: Pushpa 2 collects good numbers from kerala box office on second day