അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 ദി റൂൾ ആഗോള ബോക്സ് ഓഫീസിൽ വമ്പൻ മുന്നേറ്റമാണ് തുടരുന്നത്. രണ്ട് ദിവസം പിന്നിടുമ്പോൾ റെക്കോർഡ് കളക്ഷനാണ് സിനിമ നേടിയിരിക്കുന്നത്. സിനിമ ഇതിനകം 400 കോടിക്ക് മുകളിൽ നേടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രം സിനിമ 265 കോടി നേടിയതായാണ് റിപ്പോർട്ട്.
പുഷ്പ ആദ്യഭാഗം ആഗോളതലത്തിൽ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുകയാണ് രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരിക്കുന്നത്. ഈ ജൈത്രയാത്ര തുടർന്നാൽ സിനിമയുടെ ടോട്ടൽ കളക്ഷൻ 1000 കോടി കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
ആദ്യദിനത്തിൽ മാത്രം സിനിമ ആഗോളതലത്തിൽ 294 കോടിയായിരുന്നു നേടിയത്. കേരളത്തിലും സിനിമ മികച്ച കളക്ഷൻ ആണ് നേടിയിരിക്കുന്നത്. ചിത്രം ആദ്യദിനത്തിൽ കേരളത്തിൽ നിന്ന് 6.35 കോടി നേടിയെന്നാണ് നിർമാതാക്കൾ പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഒരു തെലുങ്ക് ഡബ്ബ് സിനിമ കേരളത്തിൽ നിന്നും നേടുന്ന ഏറ്റവും ഉയർന്ന കളക്ഷനാണിത്. എസ്എസ് രാജമൗലി ചിത്രമായ ബാഹുബലി 2 നേടിയ 5.45 കോടിയെയാണ് ഇതോടെ പുഷ്പ 2 മറികടന്നത്.
ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 ഇറങ്ങിയിരിക്കുന്നത്. പ്രീ സെയിലിൽ നിന്ന് മാത്രം ചിത്രം 100 കോടി നേടിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: Pushpa 2 shatters box office records in second day