അജിത് നായകനാകുന്ന വിടാമുയർച്ചി എന്ന സിനിമയ്‌ക്കെതിരെ പകര്‍പ്പവകാശലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിര്‍മാതാക്കള്‍ നോട്ടീസ് അയച്ചതായുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്നു. വിടാമുയര്‍ച്ചിയുടെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷനെതിരേ പാരാമൗണ്ട് പിക്‌ചേഴ്‌സ് 150 കോടിയുടെ നോട്ടിസ് അയച്ചെന്നായിരുന്നു അഭ്യൂഹങ്ങൾ വന്നത്. ഇപ്പോഴിതാ ആ അഭ്യൂഹങ്ങളിൽ തള്ളിക്കളയുകയാണ് സിനിമയുടെ നിർമാതാക്കൾ.
അത്തരത്തിൽ ഒരു നോട്ടീസും തങ്ങൾക്ക് ലഭിച്ചിട്ടില്ല. ഈ അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമെന്ന് നിർമാതാക്കൾ, വളരെക്കാലമായി സിനിമാ നിർമ്മാണ ബിസിനസിലാണെന്നും പകര്‍പ്പവകാശം സംബന്ധിച്ച നിയമങ്ങൾ തങ്ങൾക്ക് അറിയാമെന്നും വ്യക്തമാക്കി. മാത്രമല്ല 150 കോടി എന്ന തുക ആരെങ്കിലും വിശ്വസിക്കുമോ എന്നും നിർമാതാക്കൾ ചോദിച്ചു. ഹോളിവുഡ് ചിത്രം ബ്രേക്ഡൗണുമായി വിടാമുയർച്ചി ടീസറിനുള്ള സാമ്യതകൾ യാദൃശ്ചികമാണെന്നും നിർമാതാക്കൾ വ്യക്തമാക്കിയതായി പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നു.
ഹോളിവുഡ് ചിത്രമായ ബ്രേക്ക് ഡൗണിന്റെ റീമേക്കായാണ് വിടാമുയര്‍ച്ചി ഒരുങ്ങുന്നതെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. ടീസറിന്റെ റിലീസിന് പിന്നാലെ വിഷ്വലുകളും ബ്രേക്ക്ഡൗണിൻ്റെ സീനുകളും പരിശോധിക്കുമ്പോൾ അജിത് ചിത്രം ഈ ഹോളിവുഡ് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്ന ചർച്ചകൾ സജീവമായി. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാരമൗണ്ട് പിക്‌ചേഴ്‌സ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി വാർത്തകൾ വന്നത്.
അതേസമയം പൊങ്കൽ റിലീസായി ജനുവരിയിൽ വിടാമുയർച്ചി തിയേറ്ററിലെത്തും. ടീസറിൽ അജിത്തിനൊപ്പം സിനിമയിലെ മറ്റു അഭിനേതാക്കളെയും കാണിക്കുന്നുണ്ട്. 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത്കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights: Vidaamuyarchi makers clarify not receiving legal notice from Hollywood Production house