'പുഷ്പ ട്രെയിലർ ലോഞ്ചിലെ ആൾക്കൂട്ടമൊക്കെ മാർക്കറ്റിങ്, ജെസിബി കാണാനും ആളുകൾ കൂടാറുണ്ടല്ലോ'; സിദ്ധാർഥ്

'നമ്മുടെ നാട്ടില്‍ ഒരു ജെ സി ബി കൊണ്ടുവന്ന് നിര്‍ത്തിയാല്‍ തന്നെ അത് കാണാന്‍ ആളുകള്‍ കൂടും. അതുപോലെ തന്നെയേ പുഷ്പയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ പട്നയില്‍ ആളുകള്‍ കൂടുന്നത് കണ്ടപ്പോള്‍ എനിക്കും തോന്നിയുള്ളൂ.'

dot image

പുഷ്പ 2 വിന്റെ ട്രെയിലർ ലോഞ്ചിന് ബിഹാറില്‍ കൂടിയ ആള്‍ക്കൂട്ടത്തെക്കുറിച്ച് ഉള്ള തന്റെ അഭിപ്രായവുമായി നടൻ സിദ്ധാർഥ് രം​ഗത്ത്. ഇതെല്ലം മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായാണ് തനിക്ക് തോന്നിയതെന്നും നമ്മുടെ നാട്ടില്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കിന് ജെ സി ബി കൊണ്ടുവെച്ചാല്‍ അത് കാണാന്‍ തന്നെ ആളുകള്‍ കൂടുമെന്നും അതുപോലെയേ പുഷ്പയുടെ ട്രെയ്‌ലര്‍ ലോഞ്ചിലെ ആള്‍ക്കൂട്ടത്തെപ്പറ്റി തോന്നിയുള്ളൂവെന്നും സിദ്ധാർഥ് പറഞ്ഞു. ആള്‍ക്കൂട്ടമാണ് വിജയത്തിന്റെ അടിസ്ഥാനമെങ്കില്‍ നാട്ടിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിയും അധികാരത്തിലെത്തിയേനെയെന്നും സിദ്ധാർഥ് കൂട്ടിച്ചേർത്തു. മദന്‍ ഗൗരിയുമായുള്ള അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

‘ബിഹാറില്‍ വലിയ ആള്‍ക്കൂട്ടം വന്നതില്‍ എനിക്ക് ഒന്നും തോന്നിയില്ല. നമ്മുടെ നാട്ടില്‍ ഒരു ജെ സി ബി കൊണ്ടുവന്ന് നിര്‍ത്തിയാല്‍ തന്നെ അത് കാണാന്‍ ആളുകള്‍ കൂടും. അതുപോലെ തന്നെയേ പുഷ്പയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ പാട്‌നയില്‍ ആളുകള്‍ കൂടുന്നത് കണ്ടപ്പോള്‍ എനിക്കും തോന്നിയുള്ളൂ. അതൊരു മാര്‍ക്കറ്റിങ് ടൂളാണ്. വലിയ ഗ്രൗണ്ടും തിരക്ക് മാനേജ് ചെയ്യാന്‍ ആളുകളും ഉള്ളതുകൊണ്ട് അത് നടന്നു. അവരുടെ കൈയില്‍ പാട്ടുകളും സിനിമയുമുണ്ടായിരുന്നത് കൊണ്ടാണ് അത്ര വലിയ ആള്‍ക്കൂട്ടം.

വലിയ ആള്‍ക്കൂട്ടങ്ങള്‍ വിജയത്തിനെ സൂചിപ്പിക്കുമെങ്കില്‍ നമ്മുടെ നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അധികാരത്തില്‍ വന്നേനെ. ഞങ്ങളുടെ കാലത്ത് ക്വാര്‍ട്ടറിനും ബിരിയാണിക്കും ചേരുന്ന കൂട്ടം എന്ന വിളിപ്പേരുണ്ട്. എവിടെ കൂടുതല്‍ കൈയടിയുണ്ടോ അവിടെ രാജാവാകുമെന്ന ചിന്തയുണ്ട്. ഇന്നത്തെ കാലത്ത് കൈയടി കിട്ടാന്‍ വളരെ എളുപ്പമാണ്,’ സിദ്ധാർഥ് പറഞ്ഞു.

പുഷ്പയുടെ പ്രീ റീലീസ് ഇവന്റ് പട്നയിൽ വെച്ച് നടന്നപ്പോൾ വലിയ വരവേൽപ്പാണ് ലഭിച്ചത്. ആദ്യ ഭാഗത്തിന് നോർത്ത് ഇന്ത്യയിൽ നിന്ന് ലഭിച്ച സ്വീകാര്യത രണ്ടാം ഭാഗത്തിനും ലഭിക്കുന്നുണ്ട്. തെലുങ്ക് പതിപ്പിൽ 95.1 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. ഹിന്ദിയിൽ 72 കോടിയാണ് ചിത്രം നേടിയത്. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ആകെ മൊത്തം 175.1 കോടി രൂപയാണ് പുഷ്പ 2 നേടിയതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഇതോടെ, ആർആർആർ, ബാഹുബലി 2 , കെജിഎഫ് 2 എന്നീ സിനിമകളുടെ റെക്കോർഡുകളാണ് പുഷ്പ 2 വലിയ മാർജിനിൽ മറികടന്നിരിക്കുന്നത്. ആർആർആർ, ബാഹുബലി 2 , കെജിഎഫ് 2 എന്നിവയ്ക്ക് യഥാക്രമം 133 കോടി, 121 കോടി, 116 കോടി എന്നിങ്ങനെയാണ് ആദ്യദിനത്തിൽ ലഭിച്ചത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിച്ചത്.

Content Highlights: Siddharth about pushpa 2 bihar pre event

dot image
To advertise here,contact us
dot image