അജയന്റെ രണ്ടാം മോഷണം, കിഷ്കിന്ധാ കാണ്ഡം എന്നീ സിനിമകളിലൂടെ ടൊവിനോ തോമസും ആസിഫ് അലിയും തമ്മിലുള്ള ഒരു വമ്പൻ ബോക്സ്ഓഫീസ് ക്ലാഷിനായിരുന്നു ഈ ഓണം സീസൺ സാക്ഷ്യം വഹിച്ചത്. ഇരു സിനിമകളും സെപ്റ്റംബർ 12-ന് ഒന്നിച്ച് പുറത്തിറങ്ങുകയും വലിയ വിജയങ്ങളാവുകയും ചെയ്തു. ഇപ്പോഴിതാ പുതുവർഷത്തിലും ആസിഫ് അലി-ടൊവിനോ തോമസ് ചിത്രങ്ങൾ മറ്റൊരു ബോക്‌സ്ഓഫീസ് ഏറ്റുമുട്ടലിന് ഒരുങ്ങുകയാണ്.
ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന 'ഐഡന്റിറ്റി' അടുത്ത ജനുവരിയിൽ റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആസിഫ് അലി നായകനാകുന്ന പുതിയ സിനിമയായ രേഖാചിത്രവും റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി ഒമ്പതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതോടെ മറ്റൊരു ടൊവി-ആസിഫ് ബോക്സ് ഓഫീസ് ക്ലാഷ് കാണാനാകുമെന്നതിന്‍റെ ആവേശത്തിലാണ് സിനിമാപ്രേമികൾ.
ഫൊറൻസിക് എന്ന ചിത്രത്തിന് ശേഷം അഖിൽ പോൾ- അനസ് ഖാൻ- ടൊവിനോ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ഐഡന്റിറ്റി. തെന്നിന്ത്യൻ നടി തൃഷയാണ് സിനിമയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് നടൻ വിനയ് റായ് മറ്റൊരു പ്രധാന വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധാന്യം നൽകുന്ന ഒരു സസ്പെൻസ് ത്രില്ലറാണ് ഐഡന്റിറ്റി. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. അഖിൽ ജോർജ് ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് ചമൻ ചാക്കോ ആണ്. മ്യൂസിക് ആൻഡ് ബാക്ക്ഗ്രൗണ്ട് ജേക്സ് ബിജോയ് കൈകാര്യം ചെയ്യുന്നു. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്.
പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് രേഖാചിത്രം. 'ആൻ ആൾട്ടർനേറ്റ് ഹിസ്റ്ററി' എന്ന ടാഗ്‌ലൈനിൽ ഒരുങ്ങുന്ന സിനിമ കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് നിർമ്മിക്കുന്നത്. അനശ്വര രാജനാണ് ചിത്രത്തിൽ മറ്റൊരു പ്രധാനപ്പെട്ട വേഷത്തിലെത്തുന്നത്. രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടി നേടിയ സെറിൻ ഷിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം അപ്പു പ്രഭാകർ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, കലാസംവിധാനം ഷാജി നടുവിൽ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.
Content Highlights: Asif Ali movie Rekhachithram to release next January