കങ്കുവ എന്ന സിനിമയുടെ മോശം പെര്‍ഫോമന്‍സിനെ കുറിച്ച് സംസാരിച്ച് തമിഴ്‌നാട് തിയേറ്റര്‍ ഉടമകള്‍. റിലീസിന് മുന്നോടിയായി അണിയറ പ്രവര്‍ത്തകരടക്കം നടത്തിയ പല പ്രസ്താവനകളും ചിത്രത്തെ കുറിച്ച് അനാവശ്യ ഹൈപ്പുയര്‍ത്തിയെന്ന് ചില തിയേറ്റര്‍ ഉടമകള്‍ അഭിപ്രായപ്പെട്ടു.
റെഡ്‌നൂല്‍ എന്ന യൂട്യൂബ് ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ വെച്ചാണ് കങ്കുവയെ കുറിച്ച് ഇവര്‍ തുറന്ന് സംസാരിച്ചത്. 'സിനിമ നന്നായി തിയേറ്ററില്‍ ഓടിയേനെ. എന്നാല്‍ ചിലര്‍ അഭിമുഖങ്ങളില്‍ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷ നല്‍കും വിധം സംസാരിച്ചു. ഇതാണ് തിരിച്ചടിയായത്,' രോഹിണി തിയേറ്റര്‍ ഉടമ രേവന്ത് പറഞ്ഞു.
ഹൈപ്പ് തിരിച്ചടിയായെങ്കിലും പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടില്ല എന്നതാണ് അടിസ്ഥാന കാരണമെന്നാണ് വെട്രി തിയേറ്റര്‍ ഉടമയായ രാകേഷ് പറഞ്ഞത്. 2000 കോടി നേടുമെന്ന നിലയില്‍ നിര്‍മാതാവ് സംസാരിച്ചതെന്ന് വിനയായെന്നും രാകേഷ് കൂട്ടിച്ചേര്‍ത്തു.
അതേസമയം തിയേറ്റര്‍ ഉടമകളില്‍ ചിലര്‍ ചിത്രത്തെ ട്രോളികൊണ്ട് സംസാരിച്ചതും ഇപ്പോള്‍ വൈറലാകുന്നുണ്ട്. വുഡ്‌ലാന്‍ഡ്‌സ് തിയേറ്റര്‍ ഉടമ വെങ്കടേഷ് ആണ് കങ്കുവ പ്രമോഷന്‍ പരിപാടികളില്‍ വെച്ച് സൂര്യ പറഞ്ഞ ചില വാചകങ്ങള്‍ കൂടി എടുത്ത് പറഞ്ഞുകൊണ്ട് ചിത്രത്തെ ട്രോളിയത്.
'ഈ പടം കണ്ടാല്‍ ആരും വാ പൊളിച്ച് ഇരുന്നുപോകും എന്നായിരുന്നല്ലോ സൂര്യ പറഞ്ഞത്. പടം തിയേറ്ററില്‍ കണ്ട ജനങ്ങള്‍ എന്റെ മുഖത്ത് പോലും നോക്കാന്‍ നില്‍ക്കാതെ ഓടിപ്പോവുകയായിരുന്നു. പടം മുഴുവന്‍ അലര്‍ച്ചയായിരുന്നു,' എന്നാണ് വെങ്കടേഷ് പറഞ്ഞത്.
ഈ വാക്കുകള്‍ പലരും ട്രോളും തമാശയുമായാണ് എടുക്കുന്നതെങ്കിലും ചിലര്‍ വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്. സിനിമാമേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ തന്നെ ഇത്രയും വലിയ പരിഹാസത്തിന് മുതിരേണ്ടതില്ലായിരുന്നു എന്നാണ് ഇവരുടെ കമന്റുകള്‍.
നവംബര്‍ 14നായിരുന്നു കങ്കുവ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.
സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ കങ്കുവ, ഫ്രാന്‍സിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിലാണ് സൂര്യ എത്തിയത് ബോളിവുഡ് നടന്‍ ബോബി ഡിയോളാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. വലിയ ബജറ്റില്‍ ഇറങ്ങിയ കങ്കുവയ്ക്ക് മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ല.
അമിതമായ ശബ്ദവും തിരക്കഥയിലെ ആവര്‍ത്തനവിരസതയും പാളിച്ചകളുമാണ് കങ്കുവയ്ക്ക് തിരിച്ചടിയായത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആമസോണ്‍ പ്രൈമിലൂടെയാണ് കങ്കുവ ഒടിടിയിലെത്തിയിരിക്കുന്നത്.
Content Highlights: Tamilnadu Theatre Owner trolls Kanguva and Surya