2024ല്‍ ഓണം റിലീസായെത്തി വലിയ പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. ആസിഫ് അലി നായകനായെത്തിയ ചിത്രം ദിന്‍ജിത്ത് അയ്യത്താനായിരുന്നു സംവിധാനം ചെയ്തത്.
ചിത്രത്തില്‍ ചച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ബാലതാരം ആരവ് സുമേഷായിരുന്നു. സിനിമയിലെ പ്രധാന സീനുകളുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ആരവ്. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയെ കുറിച്ച് ആരവ് സംസാരിച്ചത്.
ചച്ചു മരിച്ചു കിടക്കുന്ന സീനിന്റെ ഷൂട്ട് ഒരു ദിവസം മുഴുവനും ഉണ്ടായിരുന്നെന്നും, താന്‍ ക്ഷീണിച്ച് ഉറങ്ങിപ്പോയത് കണ്ടപ്പോള്‍ ആസിഫ് അലിയ്ക്ക് ഏറെ വിഷമമായെന്നും ആരവ് പറഞ്ഞു.
'മരിച്ചുകിടക്കുന്ന സീനിന്റെ ഷൂട്ട് ഒരു ദിവസം മുഴുവനും ഉണ്ടായിരുന്നു. കുറെ നേരം അങ്ങനെ കിടന്നപ്പോള്‍ ഞാന്‍ ഉറങ്ങിപ്പോയി. അത് കണ്ടപ്പോ ആസിഫ് അലി ഭയങ്കര ഇമോഷണലായി. യു ആര്‍ ദ മാന്‍ എന്ന് ആസിഫ് മാമ എന്നോട് പറഞ്ഞു. അന്നത്തെ ഷൂട്ട് കഴിഞ്ഞപ്പോള്‍ മുഴുന്‍ ക്രൂവും എന്നെ കയ്യടിച്ച് അഭിനന്ദിച്ചു,' ആരവ് പറഞ്ഞു.
മരിച്ചുകിടക്കുന്ന സീന്‍ അഭിനയിക്കുമ്പോള്‍ ശ്വാസോച്ഛ്വാസം നിയന്ത്രിച്ചിരുന്നെന്നും ആരവ് പറഞ്ഞു. യോഗയും ഡാന്‍സും ചെയ്യുമ്പോഴും ഇത്തരത്തില്‍ ശ്വാസമെടുക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ചെയ്യാറുണ്ടെന്നും അത് ഷൂട്ടില്‍ ഗുണം ചെയ്‌തെന്നും ആരവ് പറഞ്ഞു.
ബാഹുല്‍ രമേഷ് തിരക്കഥയും ഛായാഗ്രഹണവും നിര്‍വഹിച്ച കിഷ്‌കിന്ധാ കാണ്ഡം ഓണം റിലീസായാണ് തിയേറ്ററുകളിലെത്തിയത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിച്ച ചിത്രം ആഗോളതലത്തില്‍ 76 കോടിയ്ക്ക് മുകളില്‍ നേടിയിരുന്നു. ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ്ങ് ആരംഭിച്ചപ്പോഴും മികച്ച അഭിപ്രായമാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്.
Content Highlights: Kishkindha Kaandam fame Aarav shares a heartwarming experience with Asif Ali