സൂപ്പർതാരങ്ങളുടെയടക്കം നിരവധി ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് ഈ വർഷം തമിഴിൽ നിന്ന് തിയേറ്ററുകളിലെത്തിയത്. 100 കോടി മുതൽ 400 കോടി കളക്ഷൻ നേടിയ സിനിമകൾ ഉൾപ്പടെയുള്ള വിജയചിത്രങ്ങൾ ഉണ്ടായപ്പോൾ പല വലിയ സിനിമകൾക്ക് അടിതെറ്റുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വർഷം ഓരോ തിയേറ്ററുകളിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ്നാട്ടിലെ പ്രമുഖ തിയേറ്റർ ഉടമകൾ.
വിജയ് നായകനായി എത്തി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ദി ഗോട്ട് ആണ് എല്ലാ തിയേറ്ററുകളിലും കളക്ഷനിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചിത്രം. ശിവകാർത്തികേയൻ നായകനായ അമരനാണ് രണ്ടാം സ്ഥാനത്ത്. സൂപ്പർതാരങ്ങളുടെ തമിഴ് സിനിമകളെയെല്ലാം പിന്തള്ളി മലയാള ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് ആണ് തമിഴ്നാട്ടിലെ പല പ്രമുഖ തിയേറ്ററിലും മൂന്നാം സ്ഥാനത്തുള്ള സിനിമ. വിജയ് ചിത്രമായ ഗില്ലിയും മൂന്നാം സ്ഥാനത്തുണ്ട്. റെഡ്‌നൂൽ എന്ന യൂട്യൂബ് ചാനൽ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് തിയേറ്റർ ഉടമകൾ കളക്ഷൻ വിവരങ്ങളെപ്പറ്റി പറഞ്ഞത്.
സമ്മിശ്ര പ്രതികരണമായിരുന്നു നേടിയതെങ്കിലും വിജയ് ചിത്രമായ ദി ഗോട്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 446 കോടിയാണ് നേടിയത്. തമിഴ്നാട്ടിൽ നിന്ന് മാത്രം 220 കോടിക്കടുത്ത് ചിത്രം നേടി. ഈ വർഷത്തെ തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രമായി മാറിയിരിക്കുകയാണ് ഗോട്ട്. ശിവകാർത്തികേയൻ അമരൻ 300 കോടി നേടി നടന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമായി മാറി. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിലെ ശിവകാർത്തികേയന്റെ പ്രകടനം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. രാജ് കമൽ ഫിലിംസിന്റെ ബാനറിൽ കമൽ ഹാസൻ ആയിരുന്നു ചിത്രം നിർമിച്ചത്. സായ് പല്ലവി ആണ് സിനിമയിൽ നായികയായി എത്തിയത്.
#GOAT No.1 and #Amaran No.2 in all theatres this year 🔥 #TheGreatestOfAllTime pic.twitter.com/mLSx3pAKyp
— Bala (@kuruvibala) December 7, 2024
തമിഴ്‌നാട്ടിൽ എല്ലാവരെയും ഞെട്ടിച്ച പ്രകടനം കാഴ്ചവെച്ച സിനിമയായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 200 കോടി നേടിയ സിനിമ തമിഴ്‌നാട്ടിൽ നിന്ന് മാത്രം നേടിയത് 60 കോടിയാണ്. ഒരു മലയാള സിനിമ തമിഴ്‌നാട്ടിൽ നിന്നും നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്. തമിഴ്‌നാട്ടിലെ തിയേറ്ററിൽ നിന്നുള്ള പ്രേക്ഷകരുടെ ആഘോഷങ്ങളും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
റീ റിലീസ് ചെയ്ത വിജയ് ചിത്രമായ ഗില്ലിയും വലിയ വിജയം നേടിയിരുന്നു. 30.5 കോടിയാണ് ഗില്ലി റീ റിലീസിൽ നേടിയത്. ധനുഷ് സംവിധാനം ചെയ്ത രായനും സൂരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഗരുഡനും തമിഴ്നാട് തിയേറ്ററുകളിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള സിനിമകളാണ്.
Content Highlights: Manjummel Boys tops the most collecting film at Tamilnaadu with GOAT and Amaran