ബോളിവുഡിന്റെ സൂപ്പർതാരങ്ങളാണ് ഷാരൂഖ് ഖാനും സൽമാൻ ഖാനും ആമിർ ഖാനും. മൂവരും ഒരുമിച്ചെത്തുന്ന ഒരു സിനിമക്കായി ഏറെ നാളായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഇക്കാര്യം സംബന്ധിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ആമിര്‍ഖാന്‍. നല്ലൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയാണെന്നും അത് ലഭിച്ചാൽ ഉറപ്പായും മൂന്ന് പേരും ഒന്നിച്ചുള്ള ഒരു സിനിമ സംഭവിക്കുമെന്നും ആമിർ ഖാൻ പറഞ്ഞു. അടുത്തിടെ സൗദി അറേബ്യയില്‍ നടന്ന റെഡ് സീ ചലച്ചിത്രമേളയില്‍ ആമിര്‍ഖാനെ ആദരിച്ചിരുന്നു. അവിടെവെച്ച് ഖാന്‍മാര്‍ ഒന്നിച്ചുള്ള ചിത്രത്തിന്റെ സാധ്യതയെ കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്.
'ആറ് മാസം മുമ്പ് ഷാരൂഖും സല്‍മാനുമൊത്ത് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. മൂവരും ഒന്നിച്ചൊരു ചിത്രം അഭിനയിച്ചില്ലെങ്കില്‍ അത് വളരെ സങ്കടകരമായ കാര്യമായിരിക്കുമെന്ന് പറഞ്ഞ് ഞാനാണ് ഈ വിഷയം ഞങ്ങള്‍ക്കിടയില്‍ അവതരിച്ചത്. ഒരു സിനിമയില്‍ ഒന്നിക്കാന്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും ഒരുപോലെ സമ്മതമായിരുന്നു. 'അതെ, നമ്മളൊന്നിച്ച് ഒരു സിനിമ ചെയ്യണ'മെന്ന് ഇരുവരും എന്നോട് പറഞ്ഞു. അത് ഉടന്‍ തന്നെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനൊരു നല്ല കഥ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ നല്ല തിരക്കഥയ്ക്കായി കാത്തിരിക്കുകയാണ്', ആമിർ ഖാൻ പറഞ്ഞു.
ആമിർ ഖാൻ സൽമാൻ ഖാനുമായി ഒന്നിച്ചെത്തിയത് ആന്ദാസ് അപ്ന അപ്ന എന്ന ചിത്രത്തിലായിരുന്നു. അതേസമയം, കുച്ച് കുച്ച് ഹോത്താ ഹേ, ഹം തുംഹാരേ ഹേ സനം, ട്യൂബ്ലൈറ്റ്, സീറോ, പത്താൻ, ടൈഗർ 3 തുടങ്ങി ഒന്നിലധികം സിനിമകളിൽ ഷാറൂഖും സൽമാനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ആർഎസ് പ്രസന്ന സംവിധാനം ചെയ്യുന്ന സിതാരെ സമീൻ പർ ആണ് ഇനി പുറത്തിറങ്ങാനുള്ള ആമിർ ഖാൻ സിനിമ. ഒരു സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജെനീലിയയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Content Highlights: Aamir Khan hints about possible collaboration with Shahrukh and Salman