അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ഗുഡ് ബാഡ് അഗ്ലി'. ആദിക് രവിചന്ദ്രൻ ഒരുക്കുന്ന ചിത്രം ഒരു പക്കാ സ്റ്റെലിഷ് ഗ്യാങ്സ്റ്റർ ചിത്രമായിട്ടാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ ആദ്യം സംഗീത സംവിധായകനായി തീരുമാനിച്ചത് ദേവി ശ്രീ പ്രസാദിനെ ആയിരുന്നു. എന്നാൽ സിനിമയിൽ നിന്നും അദ്ദേഹത്തെ മാറ്റിയെന്നും പകരം ജി വി പ്രകാശ് കുമാറിനെ കൊണ്ടുവന്നെന്നും വാർത്തകളുണ്ടായിരുന്നു. ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും പുറത്തുവന്നിട്ടില്ല. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള പുതിയൊരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ജി വി പ്രകാശ് കുമാർ.
രണ്ട് വലിയ സിനിമകളിൽ ആണ് താനിപ്പോൾ വർക്ക് ചെയ്യുന്നത്. അതിലൊന്ന് ഒരു യങ് സെൻസേഷൻ സംവിധായകനൊപ്പമാണെന്നും ജി വി പ്രകാശ് കുമാർ പറഞ്ഞു. ഇത് അജിത്തിൻ്റെ ഗുഡ് ബാഡ് അഗ്ലിക്കുറിച്ചാണെന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. 'ആ സിനിമയുടെ തീം മ്യൂസിക്കിലാണ് ഇപ്പോൾ വർക്ക് ചെയ്തുകൊണ്ടിരിക്കുന്നത്. ഫാൻസിന്റെ റിങ്ടോൺ മാറ്റേണ്ട ടൈം വന്നിരിക്കുന്നു. സിനിമയുടെ അപ്ഡേറ്റ് ഉടൻ വരും. ഉറപ്പായും അത് ഫാൻസിന് ആഘോഷിക്കാനുള്ള വക നൽകും,' ജി വി പ്രകാശ് കുമാർ പറഞ്ഞു.
മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിന് റെക്കോർഡ് ഒടിടി ഓഫറുകൾ ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. 95 കോടി രൂപയാണ് ചിത്രത്തിനായി പ്രമുഖ ഒടിടി പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്തത്. ചിത്രം ആദ്യം പൊങ്കൽ റിലീസായി തിയേറ്ററിലെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അജിത്തിന്റെ തന്നെ ചിത്രമായ വിടാമുയർച്ചി പൊങ്കൽ റിലീസായി പ്രഖ്യാപിച്ചതോടെ ഗുഡ് ബാഡ് അഗ്ലി മെയിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
Content Highlights: GV Prakash Kumar hints about the theme music of Good Bad Ugly