ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂക്ഷ്മദർശിനി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസായി മൂന്നാഴ്ച പിന്നിടുമ്പോഴും സിനിമയ്ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഒരു ഫാമിലി മിസ്റ്ററി ത്രില്ലറായി കഥ പറഞ്ഞ സിനിമയുടെ പ്രധാന ലൊക്കേഷനുകൾക്ക് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷൻ ഹണ്ടിന് പിന്നിലെ കഥ റിപ്പോർട്ടർ ലൈവുമായി പങ്കുവെക്കുകയാണ് സംവിധായകൻ എം സി ജിതിൻ.
'കോട്ടയം-പത്തനംതിട്ട ഭാഗത്താണ് ഈ സിനിമയുടെ ലൊക്കേഷനായി ഞങ്ങൾ തീരുമാനിച്ചിരുന്നത്. എയർപോർട്ടിൽ നിന്ന് ഒരു മൂന്ന് മണിക്കൂർ യാത്ര കഥയിൽ തന്നെ ആവശ്യമായിരുന്നു. പിന്നെ സംസാരം കൊണ്ടും ആ ഒരു ടെറൈൻ തന്നെ വേണമെന്നുണ്ടായിരുന്നു. പത്തനംതിട്ടയിലാണ് കൂടുതലും പൂട്ടികിടക്കുന്ന വീടുകളുള്ളത്. അതാവുമ്പോൾ ഷൂട്ട് ചെയ്യുന്നതിന് എളുപ്പമാകും. അങ്ങനെ പത്തനംതിട്ടയിൽ ഒരു ലൊക്കേഷൻ ലഭിച്ചു. മൂന്ന് പൂട്ടിക്കിടക്കുന്ന വീടുകളുള്ള ഒരു ലൊക്കേഷനായിരുന്നു. എന്നാൽ നാല് ദിവസം കഴിഞ്ഞപ്പോൾ ആ വീട്ടുടമസ്ഥന്റെ മനസ്സ് മാറി. അദ്ദേഹം വീട് തരില്ലെന്ന് പറഞ്ഞു. അങ്ങനെ അടുത്ത ലൊക്കേഷന് അന്വേഷണം ആരംഭിച്ചു. എന്നാൽ ഒന്നും ലഭിച്ചില്ല,'
'ഹാപ്പി അവേഴ്സ് ആണ് നിർമിക്കുന്നത് എന്നത് കൊണ്ട് തന്നെ അഭിനേതാക്കളെ ലഭിക്കുക എന്നത് എളുപ്പമായിരുന്നു. എന്നാൽ ലൊക്കേഷൻ ലഭിക്കാനായിരുന്നു പ്രയാസം. നമ്മൾ മൂന്ന്-നാല് ജില്ലകളിൽ അന്വേഷിച്ചു. എന്നാൽ നടന്നില്ല. അങ്ങനെ പത്രങ്ങളിൽ പരസ്യം ചെയ്തു. 2000 തിലധികം ലൊക്കേഷനുകൾ വന്നു. അങ്ങനെ ഒരു ലൊക്കേഷൻ ഓഡിഷൻ നടന്നു. അതിൽ നിന്നാണ് ഇപ്പോഴുള്ള ലൊക്കേഷനിലേക്ക് എത്തുന്നത്,' എം സി ജിതിൻ പറഞ്ഞു.
ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് സൂക്ഷ്മദർശിനി നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ: സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: M C Jithin talks about the locations of Sookshmadarshini