ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളെല്ലാം അരിഞ്ഞു വീഴ്ത്തി മുന്നേറുകയാണ് അല്ലു അര്‍ജുന്റെ പുഷ്പ 2. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വേഗത്തില്‍ 500 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പയുടെ രണ്ടാം ഭാഗം. സിനിമയുടെ ഈ വിജയത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ്മ.
'ബോളിവുഡിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിന്ദി സിനിമ ഒരു ഡബ്ബ് ചെയ്ത തെലുങ്ക് സിനിമയാണ്. ബോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നടൻ ഹിന്ദി സംസാരിക്കാനറിയാത്ത അല്ലു അർജുൻ എന്ന തെലുങ്ക് നടനാണ്. ഇനി ഇത് പാൻ ഇന്ത്യ അല്ല, തെലുഗു ഇന്ത്യയാണ്,' എന്ന് രാം ഗോപാൽ വർമ്മ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
The BIGGEST HINDI FILM ever in HISTORY of BOLLYWOOD is a DUBBED TELUGU FILM #Pushpa2
— Ram Gopal Varma (@RGVzoomin) December 8, 2024
The BIGGEST HINDI FILM ACTOR in HISTORY of BOLLYWOOD is a TELUGU ACTOR @alluarjun who CAN’T SPEAK HINDI
So it’s not PAN INDIA anymore , but it is TELUGU INDIA 💪💪💪
പുഷ്പ 2 ഇതിനകം 600 കോടിയിലധികം രൂപ നേടി കഴിഞ്ഞു. 300 മുതല്‍ 400 കോടി വരെയാണ് ചിത്രത്തിന്റെ നിര്‍മാണത്തിനായി ചിലവായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്.
രണ്ടാം ദിനത്തില്‍ തെലുങ്ക് പതിപ്പ് 27.1 കോടി നേടിയപ്പോള്‍ ഹിന്ദി പതിപ്പ് 55 കോടിയാണ് നേടിയത്. ഇതോടെ ഹിന്ദി പതിപ്പ് മാത്രം 125.3 കോടിയാണ് നേടിയത്. തെലുങ്ക് പതിപ്പാകട്ടെ 118.05 കോടിയും കളക്ട് ചെയ്തിട്ടുണ്ട്. ഇവയ്ക്ക് പുറമെ തമിഴിലും സിനിമയ്ക്ക് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്.
പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ഈ ജൈത്രയാത്ര തുടര്‍ന്നാല്‍ സിനിമയുടെ ടോട്ടല്‍ കളക്ഷന്‍ 1000 കോടി കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടിയായിരുന്നു നേടിയത്. ഇതും റെക്കോര്‍ഡായിരുന്നു.
Content Highlights: Ram Gopal Varma praises Pushpa 2