ലോകസിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ സിനിമ ആയിരുന്നു എസ് എസ് രാജമൗലി സംവിധാനം ചെയ്ത പിരീഡ് ആക്ഷൻ ചിത്രം ആർആർആർ. രാംചരണും ജൂനിയർ എൻടിആറും പ്രധാന വേഷങ്ങളിൽ എത്തിയ സിനിമ ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 1300 കോടിയോളമാണ്. ഓസ്കറിൽ വരെ എത്തിയ ചിത്രത്തെക്കുറിച്ചുള്ള ഒരു പുതിയ അപ്ഡേറ്റ് നിർമാതാക്കൾ പുറത്തുവിട്ടിരിക്കുകയാണ്.
സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഡോക്യുമെന്‍ററി പുറത്തുവിടുമെന്നാണ് ടീം അറിയിച്ചിരിക്കുന്നത്. 'ആർആർആർ ബിഹൈൻഡ് ആൻഡ് ബിയോണ്ട്' എന്നാണ് ഈ ഡോക്യുമെന്ററിയുടെ പേര്. ഡിസംബറിൽ ഡോക്യുമെന്ററി പുറത്തിറങ്ങും. 'ആ മഹത്വം ലോകം കണ്ടു, ഇനി കഥയ്ക്ക് സാക്ഷ്യം വഹിക്കുക' എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കൾ ഈ വാർത്ത പങ്കുവെച്ചത്. ഏത് പ്ലാറ്റ്ഫോം വഴിയാണ് ഡോക്യുമെന്ററി പുറത്തിറങ്ങുന്നതെന്ന കാര്യം വ്യക്തമല്ല.
The world saw the glory.
— RRR Movie (@RRRMovie) December 9, 2024
Now witness the story!
𝐑𝐑𝐑: 𝐁𝐞𝐡𝐢𝐧𝐝 & 𝐁𝐞𝐲𝐨𝐧𝐝
Documentary film coming this December 🔥🌊 #RRRBehindAndBeyond #RRRMovie pic.twitter.com/HNadZg2kem
95-ാമത് അക്കാദമി അവാർഡിൽ 'നാട്ടു നാട്ടു' എന്ന ഗാനം മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കാർ നേടിയിരുന്നു. ഈ വിഭാഗത്തിൽ വിജയിക്കുന്ന ഒരു ഇന്ത്യൻ സിനിമയിലെ ആദ്യ ഗാനവും അതുപോലെ തന്നെ ഒരു ഏഷ്യൻ സിനിമയിലെ ആദ്യ ഗാനവുമാണിത്. ഒപ്പം മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരവും'നാട്ടു നാട്ടു' നേടിയിരുന്നു.
രാം ചരണും ജൂനിയര്‍ എന്‍ടിആറും നായകരായി എത്തിയ ചിത്രത്തില്‍ ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോൺസണ്‍, തമിഴ് നടൻ സമുദ്രക്കനി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഡിവിവി എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ഡി വി വി ധനയ്യയാണ് സിനിമ നിർമിച്ചത്. എം.എം.കീരവാണി ആയിരുന്നു സംഗീതം. വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.
Content Highlights: S S Rajamouli to release RRR documentary soon