അരുന്ധതി, ദബാംഗ്, ചന്ദ്രമുഖി തുടങ്ങി നിരവധി സിനിമകളിൽ വില്ലൻ വേഷത്തിലൂടെ നമ്മളെ ഞെട്ടിച്ച നടനാണ് സോനു സൂദ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഫത്തേ'. ഒരു പക്കാ ആക്ഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നതും സോനു സൂദ് തന്നെയാണ്. സിനിമയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഫത്തേ എന്ന് പേരുള്ള ഒരു കോൺട്രാക്ട് കില്ലറുടെ കഥയാകാം സിനിമ പറയുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. വളരെ വയലന്റ് ആയ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ടീസർ.
ജാക്വലിൻ ഫെർണാണ്ടസ്, വിജയ് റാസ്, ദിബ്യേന്ദു ഭട്ടാചാര്യ, നസറുദ്ദീന്‍ ഷാ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. 2025 ജനുവരി 10ന് ചിത്രം തിയേറ്ററിലെത്തും. ശക്തി സാഗർ പ്രൊഡക്ഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറിൽ സോനാലി സൂദും സോനു സൂദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സോനു സൂദും അങ്കുർ പജ്നിയും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിൻസെൻസോ കൊണ്ടോറെല്ലി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് നിർവഹിക്കുന്നത് യാഷ് പരീഖ്, ശേഖർ പ്രജാപതി എന്നിവർ ചേർന്നാണ്.
1999 ൽ 'കല്ലഴഗർ' എന്ന സിനിമയിലൂടെയാണ് സോനു സൂദ് സിനിമാരംഗത്തേക്ക് എത്തുന്നത്. തുടർന്ന് നിരവധി തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ അദ്ദേഹം വേഷമിട്ടു. കൂടുതലും വില്ലൻ വേഷങ്ങളിലൂടെയാണ് സോനു സൂദ് പ്രേക്ഷക മനസിൽ ഇടം പിടിച്ചത്. ജോധാ അക്ബർ, സിംഗ് ഈസ് കിംഗ്, ദേവി, ഹാപ്പി ന്യൂ ഇയർ, അരുന്ധതി, ആർ രാജ്‌കുമാർ എന്നിവയാണ് സോനു സൂദിന്റെ പ്രധാന സിനിമകൾ. അഭിനയം കൂടാതെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളുടെയും ഭാഗമാകാറുണ്ട് നടന്‍.
Content Highlights: Sonu Sood directorial Fateh teaser out now