Jan 24, 2025
02:20 PM
തമിഴകത്തിന്റെ പ്രിയനടൻ ചിയാൻ വിക്രമിന്റെ കഴിഞ്ഞ ഏതാനും റിലീസുകൾക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടാനായിട്ടില്ല. വലിയ പ്രതീക്ഷയോടെ എത്തിയ പാ രഞ്ജിത്ത് ചിത്രം തങ്കലാന്‍ പ്രശംസകള്‍ നേടിയെങ്കിലും സാമ്പത്തികമായി നിരാശയാണ് സമ്മാനിച്ചത്. വിക്രമിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന വളരെ പ്രതീക്ഷയുള്ള ചിത്രമാണ് വീര ധീര സൂരൻ. 'ചിത്താ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്.
ഒരു നാടൻ ആക്ഷൻ ത്രില്ലറാകും വീര ധീര സൂരൻ എന്ന ഉറപ്പ് നൽകുന്നതാണ് ടീസർ. ചിയാനൊപ്പം എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെയും കിടിലൻ പെർഫോമൻസുകൾ ടീസർ ഉറപ്പ് നൽകുന്നുണ്ട്. വീര ധീര സൂരനിലൂടെ വിക്രം ഒരു വലിയ കംബാക്ക് നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഈ ടീസർ കൂടി എത്തിയതോടെ ആ പ്രതീക്ഷ വർധിച്ചിരിക്കുകയാണ്. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ ആണ് കഥ നടക്കുന്നത്.
രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ പാർട്ട് 2 ആണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. 'മല്ലിക കടൈ' എന്നാണ് ഈ രണ്ടാമത്തെ ചാപ്റ്ററിന്റെ പേര്. തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.
Content Highlights: Veera Dheera Sooran teaser out