സമീപകാലത്തെ അക്ഷയ് കുമാർ സിനിമകൾക്കൊന്നും തിയേറ്ററുകളിൽ വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. 'ബഡേ മിയാൻ ഛോട്ടേ മിയാൻ', 'മിഷൻ റാണിഗഞ്ച്', 'സെൽഫി', 'രാം സേതു', 'സർഫിര' തുടങ്ങിയ നടന്റെ അവസാന റിലീസുകളെല്ലാം വലിയ പരാജയങ്ങളായിരുന്നു. നടന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകർക്ക് ഏറെ ആവേശം നൽകുന്ന വാർത്തയായിരുന്നു അക്ഷയ് കുമാറും പ്രിയദർശനും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്നത്. ആരാധകർ വലിയ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന പ്രോജക്ടിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ 14 വർഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
അക്ഷയ് കുമാർ തന്നെയാണ് സിനിമയുടെ അപ്ഡേറ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഭൂത് ബംഗ്ലാ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോമഡി ഹൊറർ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ. രോഹൻ ശങ്കർ, അഭിലാഷ് നായർ, പ്രിയദർശൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഹൻ ശങ്കർ ആണ് സംഭാഷണം. ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലാകും സിനിമയുടെ ചിത്രീകരണം നടക്കുക എന്നാണ് സൂചന. ചിത്രം 2026 ഏപ്രിൽ 2ന് പ്രദർശനത്തിനെത്തും.
ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള കൂട്ടുകെട്ടാണ് പ്രിയദർശൻ - അക്ഷയ് കുമാർ. നിരവധി ഹിറ്റ് കോമഡി ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ പുറത്തുവന്നിട്ടുള്ളത്. ഏറെ കാലത്തിന് വേഷം വീണ്ടും അക്ഷയ് കുമാറുമായി പ്രിയദർശൻ ഒന്നിക്കുമ്പോൾ ഒരു വമ്പൻ ഹിറ്റ് തന്നെയാണ് താരത്തിന്റെ ആരാധകരും ബോളിവുഡ് സിനിമാപ്രേമികളും പ്രതീക്ഷിക്കുന്നത്.
Content Highlights: Akshay Kumar and Priyadarshan reunite for a thrilling horror-comedy named Bhooth Bangla