നടൻ ഫഹദ് ഫാസിൽ ഹിന്ദി സിനിമയിലേക്ക് ചുവടുവെക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ജബ് വീ മെറ്റ്, തമാശ, റോക്ക്സ്റ്റാർ എന്നീ ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന ഇംതിയാസ് അലിക്ക് ഒപ്പമാണ് ഫഹദ് ബോളിവുഡിൽ അഭിനയിക്കാനൊരുങ്ങുന്നത്. തൃപ്തി ദിമ്രിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
'ഇഡിയറ്റ്സ് ഓഫ് ഇസ്താൻബുൾ' എന്നാണ് സിനിമക്ക് നൽകിയിരിക്കുന്ന പേര് എന്നാണ് പിങ്ക് വില്ല പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമയിൽ തുർക്കിയിലെ ഏറ്റവും വലിയ നഗരത്തിലേക്കുള്ള രണ്ട് കഥാപാത്രങ്ങളുടെ യാത്രയുടെ കഥയാണ് പറയുന്നത്. ഇന്ത്യയിലും യൂറോപ്പിലുമായി മൂന്ന് മാസം കൊണ്ടാകും സിനിമയുടെ ചിത്രീകരണം പൂർത്തിയാവുക. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ചിത്രം 2025 അവസാനത്തോടെ തിയേറ്ററുകളിലെത്തും. ഇംതിയാസ് അലിയുടെ നിർമാണ കമ്പനിയായ വിൻഡോ സീറ്റ് ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്.
അമർ സിംഗ് ചംകീല എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ ഇംതിയാസ് അലി ചിത്രം. പരിനീതി ചോപ്ര, ദിൽജിത് ദോസഞ്ച് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. പഞ്ചാബി മ്യൂസിഷ്യൻ ആയ അമർ സിംഗ് ചംകീലയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2 ആണ് അവസാനം പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം.
ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതിനോടകം ചിത്രം 800 കോടിക്ക് മുകളിൽ പുഷ്പ നേടിക്കഴിഞ്ഞു. ചിത്രത്തിൽ ഭൻവർ സിംഗ് ശെഖാവത്ത് എന്ന വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. 'വിക്കി വിദ്യാ കാ വോ വാലാ വീഡിയോ' എന്ന കോമഡി ചിത്രമാണ് തൃപ്തിയുടേതായി അവസാനം തിയേറ്ററിലെത്തിയ സിനിമ.
Content Highights: Fahadh Faasil first hindi film with Imtiaz Ali titled Idiots of istanbul