വിഷ്വൽ എഫക്ടസുകളാൽ വിസ്മയം തീർത്ത ബോളിവുഡ് ചിത്രമായിരുന്നു ബ്രഹ്മാസ്ത്ര പാർട്ട് 1. രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അയാൻ മുഖർജി ഒരുക്കിയ ബ്രഹ്മാസ്ത്ര ഒരു ഫാന്റസി ആക്ഷൻ ചിത്രമായിട്ടാണ് ഒരുങ്ങിയത്. അസ്ത്രവേർസ് എന്ന സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയ ആദ്യ സിനിമ കൂടിയാണ് ഇത്. ഒരു രണ്ടാം ഭാഗത്തിന് സാധ്യത നൽകികൊണ്ടായിരുന്നു ചിത്രം അവസാനിച്ചത്. ഇപ്പോഴിതാ അടുത്ത പാർട്ടിനെക്കുറിച്ചുള്ള അപ്ഡേറ്റ് നൽകിയിരിക്കുകയാണ് നടൻ രൺബീർ കപൂർ.
ബ്രഹ്മാസ്ത്ര രണ്ടാം ഭാഗം ഇപ്പോൾ സ്ക്രിപ്റ്റിംഗ് സ്റ്റേജിൽ ആണെന്നും ചിത്രത്തിൻ്റെ പേര് ദേവ് എന്നാണെന്നും രൺബീർ കപൂർ പറഞ്ഞു. 'ചിത്രത്തിന്റെ കാസ്റ്റിനെ ഞങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. ആദ്യ സിനിമയെടുത്ത എന്റെ വളരെ അടുത്ത സുഹൃത്തായ അയാൻ മുഖർജി ആണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിനൊപ്പം മുൻപ് ഞാൻ രണ്ട് സിനിമകളിൽ വർക്ക് ചെയ്തിട്ടുണ്ട്. ഇനി അടുത്തടുത്ത ഭാഗങ്ങളിൽ ബ്രഹ്മാസ്ത്ര കൂടുതൽ മികച്ചതാകുകയും വലുതാകുകയും ചെയ്യും', രൺബീർ കപൂർ പറഞ്ഞു.
സമ്മിശ്ര പ്രതികരണം നേടിയ ആദ്യ ഭാഗം ബോക്സ് ഓഫീസിൽ നിന്നും നേടിയത് 400 കോടിക്ക് മുകളിലാണ്. സിനിമയുടെ വിഷ്വൽ എഫക്ട്സിനും രൺബീറിന്റെ പ്രകടനത്തിനും മികച്ച അഭിപ്രായങ്ങൾ നേടിയപ്പോൾ ആലിയയുടെ കഥാപാത്രവും സിനിമയിലെ സംഭാഷണങ്ങൾക്കും മോശം പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഷാരൂഖ് ഖാൻ, നാഗാർജുന, മൗനി റോയ്, ഡിംപിൾ കപാഡിയ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ധർമ്മ പ്രൊഡക്ഷൻസ്, സ്റ്റാർലൈറ്റ് പിക്ചേഴ്സ്, പ്രൈം ഫോക്കസ് എന്നിവയ്ക്ക് കീഴിൽ സ്റ്റാർ സ്റ്റുഡിയോയുമായി സഹകരിച്ച് രൺബീർ കപൂർ, മരിജ്കെ ഡിസൂസ എന്നിവർക്കൊപ്പം കരൺ ജോഹർ, അപൂർവ മേത്ത, ഹിറൂ യാഷ് ജോഹർ, നമിത് മൽഹോത്ര, മുഖർജി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
Content Highights: Ranbir Kapoor talks about Brahmastra Part 2