മലയാളികൾ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് 'ബറോസ്'. നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന സിനിമ ആയതിനാൽ വലിയ പ്രതീക്ഷകളാണ് സിനിമക്കുള്ളത്. ചിത്രത്തിന്റെ മലയാളം ട്രെയ്‌ലർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഹിന്ദി ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്.
നടൻ അക്ഷയ് കുമാറാണ് ബറോസിന്റെ ഹിന്ദി ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. മുംബൈയിൽ വെച്ചാണ് സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് സംഘടിപ്പിച്ചിരുന്നത്. ട്രെയ്‌ലർ റിലീസിനോടനുബന്ധിച്ച് അക്ഷയ് കുമാറും മോഹൻലാലും ഒപ്പമുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സിനിമയുടെ പ്രൊമോഷണൽ ഇവന്റിൽ അക്ഷയ് കുമാർ എത്തുന്നതും മോഹൻലാലിനൊപ്പം ഫോട്ടോ എടുക്കുന്നതുമായ വീഡിയോയാണ് ഇപ്പോൾ ട്രെൻഡ് ആകുന്നത്.
Mohanlal & Akshay Kumar at #Barroz Trailer Launch!!✨ pic.twitter.com/MkT015SGyp
— Forum Reelz (@ForumReelz) December 11, 2024
പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി മോഹൻലാൽ സിനിമകൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോൾ നായകനായി എത്തിയത് അക്ഷയ് കുമാറായിരുന്നു. ബോയിങ് ബോയിങ്, വെള്ളാനകളുടെ നാട്, മണിച്ചിത്രത്താഴ് തുടങ്ങിയ മോഹൻലാൽ സിനിമകൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോൾ വലിയ വിജയമാണുണ്ടായത്. ആക്ഷൻ സ്റ്റാർ ഇമേജിൽ കുടുങ്ങി കിടന്ന അക്ഷയ് കുമാറിനെ തിരികെ കോമഡിയിലേക്ക് എത്തിച്ച സിനിമകളായിരുന്നു ഇവയെല്ലാം. ഇതിൽ മണിച്ചിത്രത്താഴിന്റെ റീമേക്ക് ആയ ഭൂൽ ഭുലയ്യ ബോളിവുഡിലെ എക്കാലത്തെയും മികച്ച ഹൊറർ കോമഡി സിനിമയായിട്ടാണ് കണക്കാക്കുന്നത്.
ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ബറോസ് തിയേറ്ററിലെത്തുന്നത്. മികച്ച പ്രതികരണങ്ങളായിരുന്നു സിനിമയുടെ ട്രെയിലറിന് ലഭിച്ചത്. സിനിമയുടെ വിര്‍ച്വല്‍ ത്രീഡി ട്രെയ്‌ലറാണ് പുറത്തിറങ്ങിയത്. കുട്ടികള്‍ക്കുള്ള ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. നിധി കാക്കുന്ന ഒരു ഭൂതവും ഒരു കൊച്ചു കുട്ടിയും അവരുടെ അത്ഭുത ലോകവുമെല്ലാമുള്ള സിനിമ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരു ക്രിസ്തുമസ് വിരുന്നായിരിക്കുമെന്ന് പ്രതീക്ഷിക്കാം. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
Content Highights: Akshay Kumar launched Barroz hindi trailer at Mumbai