മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് റിലീസിന് ഒരുങ്ങുകയാണ്. ഒരു ഫാന്റസി ചിത്രമായിട്ടാണ് ബറോസ് എത്തുന്നത്. സിനിമയുടെ ഹിന്ദി ട്രെയ്‌ലർ ലോഞ്ച് ഇന്ന് മുംബൈയിൽ വെച്ച് നടന്നിരുന്നു. ഈ പരിപാടിക്കിടെ മുഖ്യാതിഥിയായ അക്ഷയ് കുമാർ സിനിമയുടെ പ്രശംസിച്ചുകൊണ്ട് പങ്കുവെച്ച വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഈ ചിത്രം ഒരു മികച്ച അനുഭവമായിരിക്കും എന്നും ബറോസ് മകൾക്കൊപ്പം തിയേറ്ററിൽ പോയി കാണുമെന്നുമാണ് അക്ഷയ് പറഞ്ഞത്.
'ഒറ്റ കാര്യമേ പറയാനുള്ളൂ… വൗ. ഞാൻ ഒരുപാട് ത്രീ ഡി സിനിമകൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് പരിപൂർണ്ണമായും ഒരു ത്രീഡി സിനിമയാണ്. അത് പ്രകീർത്തിക്കേണ്ട കാര്യമാണ്. ഇന്ത്യയിൽ കുട്ടികൾക്കായി ഒരുക്കുന്ന സിനിമകൾ വളരെ കുറവാണ്. ഇന്ന് ഞാൻ മകൾക്കൊപ്പം പിവിആറിൽ പോയി ഒരു കുട്ടികൾക്കായുള്ള സിനിമാ കാണുന്നുണ്ട്, അത് ഒരു ഇംഗ്ലീഷ് സിനിമയാണ്.
എനിക്കായി ബറോസിന്‍റെ ഒരു ഷോ വെക്കാമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. എന്നാൽ ഞാൻ അത് വേണ്ടെന്ന് പറഞ്ഞു. ബറോസ് ഞാന്‍ മകളെയും കൂട്ടി തിയേറ്ററിൽ പോയി തന്നെ കാണും.
അതൊരു ഗംഭീര എക്സ്പീരിയൻസായിരിക്കും. എന്റെ മകൾ എന്ത് റിയാക്ഷനാണ് നൽകുക എന്നറിയാന്‍ കാത്തിരിക്കുകയാണ്. എന്റെ മകൾ സന്തോഷമായിരിക്കുമ്പോൾ ഞാൻ സന്തോഷവാനാകും. ഈ ചിത്രം ഒരുപാട് കുട്ടികൾക്ക് സന്തോഷം പകരും,' അക്ഷയ് കുമാർ പറഞ്ഞു.
#AkshayKumar promised #Mohanlal to watch the film #Barroz3D in the theatre with his daughter !!! @Mohanlalpic.twitter.com/E21ytW2J33
— Anandhu Gireesh (@anandhu__offl) December 11, 2024
പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി മോഹൻലാൽ സിനിമകൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോൾ നായകനായി എത്തിയത് അക്ഷയ് കുമാറായിരുന്നു. ബോയിങ് ബോയിങ്, വെള്ളാനകളുടെ നാട്, മണിച്ചിത്രത്താഴ് തുടങ്ങിയ മോഹൻലാൽ സിനിമകൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോൾ വലിയ വിജയമാണുണ്ടായത്. ആക്ഷൻ സ്റ്റാർ ഇമേജിൽ കുടുങ്ങി കിടന്ന അക്ഷയ് കുമാറിനെ തിരികെ കോമഡിയിലേക്ക് എത്തിച്ച സിനിമകളായിരുന്നു ഇവയെല്ലാം. ഇതിൽ മണിച്ചിത്രത്താഴിന്റെ റീമേക്ക് ആയ ഭൂൽ ഭുലയ്യ ബോളിവുഡിലെ എക്കാലത്തെയും മികച്ച ഹൊറർ കോമഡി സിനിമയായിട്ടാണ് കണക്കാക്കപ്പെടുന്നത്.
ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ബറോസ് തിയേറ്ററിലെത്തുന്നത്. മികച്ച പ്രതികരണങ്ങളായിരുന്നു സിനിമയുടെ ട്രെയിലറിന് ലഭിച്ചത്. സിനിമയുടെ വിര്‍ച്വല്‍ ത്രീഡി ട്രെയ്‌ലറാണ് പുറത്തിറങ്ങിയത്. കുട്ടികള്‍ക്കുള്ള ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്.
നിധി കാക്കുന്ന ഒരു ഭൂതവും ഒരു കൊച്ചു കുട്ടിയും അവരുടെ അത്ഭുത ലോകവുമെല്ലാമുള്ള സിനിമ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരു ക്രിസ്തുമസ് വിരുന്നായിരിക്കുമെന്ന് പ്രതീക്ഷിക്കാം. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
Content Highlights: Akshay Kumar says that he will watch Barroz in theatres with his daughter