തിയേറ്ററിൽ മികച്ച പ്രകടനം കാഴ്ചവെച്ച് 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ 'ലക്കി ഭാസ്കർ'. മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ്. ചിത്രമിപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. നല്ല അഭിപ്രായമാണ് സിനിമക്ക് ഒടിടി റിലീസിന് ശേഷവും ലഭിക്കുന്നത്. തിയേറ്ററിലേത് പോലെ നെറ്റ്ഫ്ലിക്സിലും മികച്ച പ്രകടനമാണ് 'ലക്കി ഭാസ്കർ' കാഴ്ചവെക്കുന്നത്.
നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങി രണ്ടാഴ്ച കഴിയുമ്പോഴും ചിത്രം ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഡിസംബർ രണ്ട് മുതൽ എട്ട് വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ ശിവകാർത്തികേയൻ ചിത്രം അമരനേയും ആലിയ ഭട്ട് ചിത്രം ജിഗ്‌റയെയും പിന്തള്ളിയാണ് ലക്കി ഭാസ്കർ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. അതേസമയം നോൺ ഇംഗ്ലീഷ് ഗ്ലോബൽ ചാർട്ടിൽ ചിത്രം രണ്ടാം സ്ഥാനത്താണ്. 11.7 മില്യൺ വ്യൂസ് ആണ് ലക്കി ഭാസ്കർ ഇതുവരെ നേടിയിരിക്കുന്നത്. നിലവിൽ ഇത് ഈ വർഷം ഏറ്റവും കൂടുതൽ വ്യൂസ് നേടിയ വിജയ് സേതുപതി ചിത്രമായ മഹാരാജയെക്കാൾ കൂടുതലാണ്. 9.3 മില്യൺ വ്യൂസ് ആണ് മഹാരാജ നേടിയത്. 15 രാജ്യങ്ങളിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ലക്കി ഭാസ്കറുണ്ട്.
ശിവകാർത്തികേയൻ നായകനായി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത 'അമരൻ' ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. നീരജ് പാണ്ഡെ സംവിധാനം ചെയ്ത് ജിമ്മി ഷെർഗിൽ, തമന്ന ഭാട്ടിയ, അവിനാഷ് തിവാരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'സിക്കന്ദർ കാ മുഖദ്ദർ' ആണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. ആലിയ ഭട്ട് ചിത്രം 'ജിഗ്‌റ' നാലാം സ്ഥാനത്തും രാജ്‌കുമാർ റാവു ചിത്രം 'വിക്കി വിദ്യ കാ വോ വാല വീഡിയോ' ആണ് അഞ്ചാം സ്ഥാനത്തുള്ള ചിത്രങ്ങൾ.
ഒടിടി റിലീസിന് ശേഷവും 'ലക്കി ഭാസ്കർ' തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നുണ്ട്. റിലീസ് ചെയ്ത് 38ാം ദിവസവും ചിത്രത്തിന്റെ തമിഴ് വേർഷന് ചെന്നൈയിലെ തിയേറ്ററുകളിൽ പ്രേക്ഷകർ എത്തുന്നുണ്ട്. 'പുഷ്പ 2' പോലെയുള്ള വലിയ സിനിമകൾ തിയേറ്ററിൽ തകർത്തോടുമ്പോഴും ലക്കി ഭാസ്കറിന് പിടിച്ചുനിൽകാനാകുന്നത് വലിയ നേട്ടമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. സിനിമ ഇതിനകം തമിഴ്‌നാട്ടിൽ നിന്ന് 15 കോടിയിലധികം രൂപ നേടിയതായി റിപ്പോർട്ടുകൾ ഉണ്ട്.
കേരളത്തിലും സിനിമയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കാൻ സാധിച്ചത്. ആദ്യ ദിനം 2.05 കോടി കേരളത്തിൽ നിന്ന് നേടിയ ചിത്രത്തിന് തുടർന്നുള്ള ദിവസങ്ങളിൽ കളക്ഷനിൽ കുതിപ്പുണ്ടാക്കാനും സാധിച്ചു. 21.55 കോടിയാണ് സിനിമയുടെ കേരളത്തിൽ നിന്നുള്ള ഫൈനൽ കളക്ഷൻ. ലക്കി ഭാസ്കർ നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക.
Content Highlights: Dulquer film Lucky Baskhar tops Netflix in second week