വളരെ സത്യസന്ധമായ് ചെയ്ത സിനിമയായിരുന്നു 'ലാൽ സിങ് ഛദ്ദ' എന്നും ചിത്രം പരാജയപ്പെട്ടപ്പോൾ ആമിർ തകർന്ന് പോയെന്നും നടി കരീന കപൂർ. സിനിമ വിജയിച്ചില്ലല്ലോ അതുകൊണ്ട് തന്നോട് ഇനി മിണ്ടുമോ എന്നാണ് പിന്നീട് കണ്ടപ്പോൾ ആമിർ ചോദിച്ചത്. ചിത്രത്തിലെ രൂപ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നും കരീന പറഞ്ഞു. സിങ്കം എന്ന സിനിമ ചെയ്തതിനേക്കാൾ ഒരു അഭിനേതാവെന്ന നിലയിൽ തനിക്ക് കൂടുതൽ സന്തോഷം നൽകിയത് രൂപയെ അവതരിപ്പിച്ചപ്പോഴാണെന്ന് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ നടത്തിയ അഭിനേതാക്കളുടെ റൗണ്ട്ടേബിളിൽ കരീന കപൂർ പറഞ്ഞു.
'വളരെ മനോഹരവും സത്യസന്ധമായും ചെയ്തൊരു സിനിമയായിരുന്നു 'ലാൽ സിങ് ഛദ്ദ'. സിനിമ പരാജയപ്പെട്ടപ്പോൾ ആമിർ തകർന്ന് പോയി. ഞാൻ വളരെ ആസ്വദിച്ചാണ് രൂപ എന്ന കഥാപാത്രം ചെയ്തത്. ഒരിക്കലും 500 കോടി നേടുമെന്ന ചിന്തയിൽ അല്ല ഞങ്ങൾ ലാൽ സിങ് ഛദ്ദ ചെയ്തത്. എല്ലാവരും അവരവരുടെ ബെസ്റ്റ് നൽകിയ സിനിമയാണത്', കരീന കപൂർ പറഞ്ഞു. ടോം ഹാങ്ക്സ് നായകനായ ഹോളിവുഡ് ചിത്രം 'ഫോറെസ്റ്റ് ഗമ്പി'ൻ്റെ റീമേക്ക് ആണ് 'ലാൽ സിങ് ഛദ്ദ'.
തന്റെ പ്രകടനമാണ് 'ലാൽ സിങ് ഛദ്ദ'യുടെ പരാജയത്തിന് കാരണമെന്നും ചിത്രത്തിന്റെ പരാജയം തന്നെ ഇമോഷണലി ഒരുപാട് ബാധിച്ചെന്നും നടൻ ആമിർ ഖാൻ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'കുറച്ച് പേർക്ക് 'ലാൽ സിങ് ഛദ്ദ' അവരുടെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ്. എന്നാൽ കൂടുതൽ പേർക്കും സിനിമ കണക്ട് ആയില്ല. അതിന് കാരണം തന്റെ പെർഫോമൻസ് ആണ്. ഒരു പരാജയം സംഭവിക്കുമ്പോൾ അതൊരു അവസരം കൂടിയാണ് നമുക്ക് തരുന്നത്. എന്തുകൊണ്ട് അത് സംഭവിച്ചെന്ന് നമുക്ക് മനസ്സിലാക്കാൻ ഉള്ള അവസരമാണത്', ആമിർ ഖാൻ പറഞ്ഞു.
കരീന കപൂർ, നാഗ ചൈതന്യ, മോണ സിംഗ് എന്നിവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നടൻ അതുൽ കുൽക്കർണിയായിരുന്നു 'ഫോറസ്റ്റ് ഗമ്പി'ന്റെ തിരക്കഥ ഹിന്ദിയിലേക്ക് എഴുതിയത്. ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തിയിരുന്നു.
Content Highights: Kareena Kapoor talks about Laal Singh Chadha failure and Aamir Khan