രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ചിത്രമാണ് 'ഗെയിം ചേഞ്ചർ'. 400 കോടി ബഡ്ജറ്റിൽ ഒരുക്കിയ സിനിമക്ക് മേൽ വലിയ പ്രതീക്ഷകളാണ് ഉള്ളത്. 'ഇന്ത്യൻ 2' എന്ന കരിയറിലെ ഏറ്റവും വലിയ പരാജയത്തിന് ശേഷം പുറത്തിറങ്ങുന്ന ചിത്രമായതിനാൽ വലിയൊരു വിജയം ഷങ്കറിന് അനിവാര്യമാണ്. റിലീസിന് ഇനി 30 ദിവസം മാത്രം ബാക്കി നിൽക്കെ നിരൂപകരും പ്രേക്ഷകരും ഒരുപോലെ സിനിമയെ ഉറ്റുനോക്കുനുണ്ട്. ജനുവരി 10ന് സംക്രാന്തി റിലീസായിട്ടാണ് ചിത്രം തിയേറ്ററിലെത്തുക.
ചിത്രത്തിലെ മൂന്നാമത്തെ ഗാനം അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാൽ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ നിറയെ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വന്നത്. ലിറിക് വീഡിയോയിലെ ചിത്രങ്ങളെ ചൂണ്ടിക്കാണിച്ചാണ് സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ ഉയർന്നത്. നായകന്റെയും നായികയുടെയും ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്തത് പോലെയാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.
400 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമക്ക് നല്ല രീതിയിൽ ഒരു ലിറിക് വീഡിയോ പോലും ചെയ്യാനാകില്ലേ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. കല്യാണ വീഡിയോകളിൽ കാണുന്ന തരത്തിൽ ഉള്ള എഡിറ്റ് ആണെന്നും പിക്സ് ആർട്ട് തുടങ്ങിയ ആപ്പുകളിൽ എഡിറ്റ് ചെയ്തത് പോലെയാണ് ഗാനം ഉള്ളതെന്നും കമന്റുകൾ വന്നിരുന്നു. സിനിമയുടെ ടീസറിനും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
തമിഴ്, ഹിന്ദി ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്യുന്ന ചിത്രത്തിൽ കിയാരാ അദ്വാനി, എസ് ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. മദൻ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരൺ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം. ഷങ്കർ സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രമാണ് 'ഗെയിം ചേഞ്ചർ'. സംവിധായകന്‍ കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഗെയിം ചേഞ്ചറിലൂടെ ഷങ്കർ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Content Highights: Actor ramcharan starring Game Changer releasing on January 10 worldwide