'എല്ലാ സിനിമകളും ഓടണം, പ്രേക്ഷകർ സിനിമകളെ ബഹുമാനിക്കണം'; പുഷ്പ 2 വിജയത്തെക്കുറിച്ച് മോഹൻലാൽ

'ലോകത്തെവിടെയും പ്രദർശിപ്പിക്കാൻ കഴിയുന്ന വ്യത്യസ്തമായ സിനിമകൾ ആരെങ്കിലും പുറത്തുകൊണ്ടുവരണം'

dot image

അല്ലു അർജുൻ ചിത്രം പുഷ്പ 2 നെ പ്രശംസിച്ച് മോഹൻലാൽ. പാൻ ഇന്ത്യൻ സിനിമയ്ക്ക് പുത്തൻ മാതൃക പുഷ്പ 2 നൽകി. പുഷ്പ മാത്രമല്ല നിരവധി വമ്പൻ സിനിമകൾ വരുന്നുണ്ട്. അവയെല്ലാം വിജയിക്കണം. ലോക സിനിമയ്ക്ക് മുന്നിൽ അഭിമാനത്തോടെ കാണിക്കാൻ കഴിയുന്ന ആർട്ടിസ്റ്റുകളും സാങ്കേതിക പ്രവർത്തകരും നമുക്കുണ്ട്. അത്തരം സിനിമകളുണ്ടാകട്ടെ എന്ന് മോഹൻലാൽ ആശംസിച്ചു. ബറോസിന്റെ ഹിന്ദി ട്രെയ്‌ലർ ലോഞ്ചിനിടെയാണ് മോഹൻലാലിന്റെ പ്രതികരണം.

'സിനിമകൾ ഓടണം എന്നാണ് ഞാൻ സർവ്വശക്തനോട് പ്രാർത്ഥിക്കുന്നത്. റിലീസുകൾ കൊണ്ട്, വിജയങ്ങൾ കൊണ്ട് സിനിമാ വ്യവസായത്തിൻ്റെ ചക്രം തിരിയണം. എല്ലാ സിനിമകളും ഓടണം. പ്രേക്ഷകർ സിനിമകളെ ബഹുമാനിക്കണം. പുഷ്പ 2 മാത്രമല്ല ഒരുപാട് വലിയ സിനിമകൾ വരുന്നുണ്ട്. എന്റെ സിനിമയും ഓടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

'ഞാനും പണ്ട് ഒരു പാൻ ഇന്ത്യൻ സിനിമ ചെയ്തിരുന്നു, കാലാപാനി. സന്തോഷ് ശിവനായിരുന്നു ആ സിനിമയ്ക്ക് ക്യാമറ ചെയ്തത്. അദ്ദേഹത്തിന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ആരെങ്കിലുമൊക്കെ ചെയ്യണം. നമുക്ക് മികച്ച ടെക്‌നീഷ്യൻസുണ്ട്, ആർട്ടിസ്റ്റുകളുണ്ട്. എന്നാൽ ലോകത്തെവിടെയും പ്രദർശിപ്പിക്കാൻ കഴിയുന്ന വ്യത്യസ്തമായ സിനിമകൾ ആരെങ്കിലും പുറത്തുകൊണ്ടുവരണം. അതിന് ഞങ്ങൾ ശ്രമിക്കുകയാണ്. അത് സംഭവിക്കട്ടെ,' എന്ന് മോഹൻലാൽ പറഞ്ഞു.

അതേസമയം പുഷ്പ 2 ആയിരം കോടി ക്ലബ്ബിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിച്ചത്.

Content Highlights: Mohanlal comments on Pushpa 2 success

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us