മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ ഹിന്ദി ട്രെയ്‍ലര്‍ ലോഞ്ച് വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാറാണ് ബറോസിന്റെ ഹിന്ദി ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ഈ വേദിയിൽ വെച്ച് തന്റെ ക്ലാസ്സിക് സിനിമകളുടെ ബോളിവുഡ് റീമേക്കുകളിൽ അക്ഷയ് കുമാർ അഭിനയിച്ചതിനെക്കുറിച്ച് മോഹന്‍ലാല്‍ നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്.
'എന്റെ ഒട്ടുമിക്ക സിനിമകളും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്, അതിൽ അക്ഷയ് ജി പ്രവർത്തിച്ചിട്ടുണ്ട്. നിങ്ങൾക്ക് അഭിനേതാക്കളെ താരതമ്യം ചെയ്യാൻ കഴിയില്ല. വേഷവിധാനങ്ങൾ, കഥാപാത്രങ്ങൾ, ശരീരഭാഷ മുതലായവയുടെ കാര്യത്തിൽ സിനിമകൾ തികച്ചും വ്യത്യസ്തമായിരുന്നു. എനിക്ക് അദ്ദേഹത്തിൻ്റെ സിനിമകൾ ഇഷ്ടമാണ്. പ്രിയദർശൻ റീമേക്ക് ചെയ്‌ത മിക്ക ചിത്രങ്ങളും ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹം ഒരു മിടുക്കനായ നടനാണ്. വളരെ കൃത്യനിഷ്ഠയുള്ളയാളാണ്. തന്റെ തൊഴിൽ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹം 100 ശതമാനം പ്രൊഫഷണല്‍ നടനാണ്. ഞാൻ അത്ര പ്രൊഫഷണലല്ല,' എന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി മോഹൻലാൽ സിനിമകൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോൾ നായകനായി എത്തിയത് അക്ഷയ് കുമാറായിരുന്നു. ബോയിങ് ബോയിങ്, വെള്ളാനകളുടെ നാട്, മണിച്ചിത്രത്താഴ് തുടങ്ങിയ മോഹൻലാൽ സിനിമകൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോൾ വലിയ വിജയമാണുണ്ടായത്. ആക്ഷൻ സ്റ്റാർ ഇമേജിൽ കുടുങ്ങി കിടന്ന അക്ഷയ് കുമാറിനെ തിരികെ കോമഡിയിലേക്ക് എത്തിച്ച സിനിമകളായിരുന്നു ഇവയെല്ലാം. ഇതിൽ മണിച്ചിത്രത്താഴിന്റെ റീമേക്ക് ആയ ഭൂൽ ഭുലയ്യ ബോളിവുഡിലെ എക്കാലത്തെയും മികച്ച ഹൊറർ കോമഡി സിനിമയായിട്ടാണ് കണക്കാക്കുന്നത്.
ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ബറോസ് തിയേറ്ററിലെത്തുന്നത്. മികച്ച പ്രതികരണങ്ങളായിരുന്നു സിനിമയുടെ ട്രെയിലറിന് ലഭിച്ചത്. സിനിമയുടെ വിര്‍ച്വല്‍ ത്രീഡി ട്രെയ്‌ലറാണ് പുറത്തിറങ്ങിയത്. കുട്ടികള്‍ക്കുള്ള ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. നിധി കാക്കുന്ന ഒരു ഭൂതവും ഒരു കൊച്ചു കുട്ടിയും അവരുടെ അത്ഭുത ലോകവുമെല്ലാമുള്ള സിനിമ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരു ക്രിസ്തുമസ് വിരുന്നായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
Content Highlights: Mohanlal talks about the Akshay Kumar's remake of his classic movies