ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'നിലാവ്ക്ക് എൻ മേൽ എന്നടി കോപം' റിലീസ് തിയതി പ്രഖ്യാപിച്ചു. അടുത്ത വർഷം ഫെബ്രുവരി ഏഴിനാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. ധനുഷിന്റെ തന്നെ വണ്ടർബാർ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
പാ പാണ്ടി, രായൻ, എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ് സംവിധാനം ചെയുന്ന ചിത്രമാണ് 'നിലാവ്ക്ക് എൻ മേൽ എന്നടി കോപം'. 'ഇഡലികടൈ' എന്ന ചിത്രവും ധനുഷ് സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. നിത്യ മേനനാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. 2025 ഏപ്രില്‍ പത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഒരു മാസത്തെ ഗ്യാപ്പിലാണ് ധനുഷിന്റെ രണ്ട് സംവിധാന സംരംഭങ്ങളും പ്രേക്ഷകരിലേക്ക് എത്തുന്നത്.
'നിലാവ്ക്ക് എൻ മേൽ എന്നടി കോപം' എന്ന ചിത്രത്തിൽ മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. വെങ്കിടേഷ് മേനോൻ, റാബിയ ഖാത്തൂൺ, രമ്യ രംഗനാഥൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
അതേസമയം, 'അമരൻ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകൻ ധനുഷാണ്. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോ അടുത്തിടെ നിർമാതാക്കൾ പുറത്തുവിട്ടിരുന്നു. സംവിധായകൻ ശേഖർ കമ്മുല ഒരുക്കുന്ന 'കുബേര' എന്ന സിനിമയാണ് ധനുഷ് നായകനായി എത്തുന്ന അടുത്ത ചിത്രം. തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഫെബ്രുവരിയിൽ തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച രായനാണ് ധനുഷ് നായകനായി ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. ധനുഷ് സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ധനുഷിനൊപ്പം ദുഷര വിജയനും കാളിദാസ് ജയറാമും സുന്ദീപ് കിഷനുമാണ് മറ്റ് പ്രധാന വേഷങ്ങളിൽ തിളങ്ങിയത്. മലയാളത്തിന്റെ അപർണ ബാലമുരളിയും ചിത്രത്തിന്റെ ഭാഗമായിരുന്നു.
Content Highlights: Nilavuku En Mel Ennadi Kobam movie relase date announced