ഇതുവരെ മിണ്ടാതിരുന്നു, എന്നാൽ ഇനി പ്രതികരിക്കും; തമിഴ് മാധ്യമത്തിനെതിരെ സായ് പല്ലവി

രാമായണം സിനിമയുമായി ബന്ധപ്പെട്ട് 'സിനിമാ വികടന്‍' നല്‍കിയ വാര്‍ത്തയ്ക്ക് എതിരെയാണ് സായ് പല്ലവി രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്

dot image

മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികയാണ് സായ് പല്ലവി. നിതേഷ് തിവാരി സംവിധാനത്തിലൊരുങ്ങുന്ന രൺബീർ കപൂർ നായകനാകുന്ന രാമായണത്തിലാണ് നടി ഇപ്പോൾ അഭിനയിക്കുന്നത്. തന്നെ കുറിച്ച് വരുന്ന വ്യാജവാര്‍ത്തകളിലോ അഭ്യൂഹങ്ങളിലോ സാധാരണയായി നടി പ്രതികരിക്കാറില്ല. എന്നാൽ രാമായണം സിനിമയുമായി ബന്ധപ്പെട്ട് പ്രമുഖ തമിഴ് മാധ്യമമായ 'സിനിമാ വികട'നിൽ വന്ന ഒരു വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് നടി ഇപ്പോൾ.

രാമായണത്തിൽ അഭിനയിക്കാനായി സായ് പല്ലവി പൂർണമായും നോൺ വെജ് ആഹാരം കഴിക്കുന്നത് നിർത്തിയെന്നും വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ ഭക്ഷണം പാകം ചെയ്യാൻ പ്രത്യേക ഷെഫിനെ കൊണ്ട് പോകുന്നു എന്ന വാർത്തയോടാണ് നടി പ്രതികരിച്ചിരിക്കുന്നത്. സത്യസന്ധമല്ലാത്ത കാര്യങ്ങൾ കാണുമ്പോൾ നിശബ്ദതയാണ് തിരഞ്ഞെടുക്കാറുള്ളതെന്നും എന്നാൽ ഇനി ഇത്തരം തെറ്റിയ പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്നും സായ് പല്ലവി പറഞ്ഞു. സിനിമ വികടൻ നൽകിയ വാർത്തയുടെ പോസ്റ്റർ പങ്കുവെച്ചാണ് സായ് പല്ലവി ട്വിറ്ററിൽ പ്രതികരിച്ചിരിക്കുന്നത്.

'മിക്കപ്പോഴും, മിക്കവാറും എല്ലാ സമയത്തും, അടിസ്ഥാനരഹിതമായ കിംവദന്തികൾ / കെട്ടിച്ചമച്ച നുണകൾ / തെറ്റായ പ്രസ്താവനകൾ മനപൂർവ്വമോ അല്ലാതെയോ പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം പ്രതികരിക്കാതെ ഞാൻ നിശബ്ദതയാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ ഇത് സ്ഥിരമായി സംഭവിക്കുന്നതിനാൽ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് കരുതുന്നത്. ഇത്തരം കാര്യങ്ങൾ അവസാനിക്കുമെന്ന് തോന്നുന്നില്ല.

എൻ്റെ സിനിമകളുടെ റിലീസുകൾ/ പ്രഖ്യാപനങ്ങൾ തുടങ്ങി എൻ്റെ കരിയറിലെ പ്രിയപ്പെട്ട നിമിഷങ്ങളുടെ സമയത്താണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ നടക്കുന്നത്. ഇനി ഏതെങ്കിലും "പ്രശസ്ത" പേജോ മാധ്യമമോ/ വ്യക്തിയോ, വാർത്തയുടെയോ ഗോസിപ്പിൻ്റെയോ പേരിൽ ഇത്തരം കഥയുമായി വരുന്നത് എന്റെ കണ്ണിൽപ്പെട്ടാൽ നിയമപരമായി അതിനെ നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്' സായ് പല്ലവി പറഞ്ഞു.

അതേസമയം, ബോളിവുഡിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് 'രാമായണം'. 700 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സായ് പല്ലവി സീതയെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ ആണ് ശ്രീരാമനായി എത്തുന്നത്. സണ്ണി ഡിയോൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

സണ്ണി ഡിയോൾ ഹനുമാന്റെ വേഷമാണ് ചെയ്യുന്നത്. ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂർപ്പണഖയായും അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. ബോബി ഡിയോൾ കുംഭകർണനായേക്കും. മൂന്ന് ഭാഗങ്ങളിലായാണ് സിനിമയുടെ റിലീസ്. ആദ്യ ഭാഗം 2025-ൽ റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlights: Sai Pallavi reacted against the fake news given by leading Tamil media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us