ഇന്ത്യൻ സിനിമയിലെ സമീപകാല കളക്ഷൻ റെക്കോർഡുകൾ എല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് അല്ലു അർജുൻ നായകനായ പുഷ്പ 2 . സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നതെങ്കിലും ഏഴു ദിവസം കൊണ്ട് 1000 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ് ചിത്രം. 1000 കോടി എന്നത് താൽക്കാലികമാണെന്നും ഈ സംഖ്യ ഉറപ്പായും മറികടക്കുമെന്നും അതാണ് തന്റെ ആഗ്രഹമെന്നും പറയുകയാണ് അല്ലു അർജുൻ. പുഷ്പയുടെ സക്സസ് ഇവന്റിൽ സംസാരിക്കുകയായിരുന്നു നടൻ.
'1000 കോടി എന്ന സംഖ്യ സ്നേഹത്തിൻ്റെ പ്രതിഫലനം മാത്രമാണ്. ഈ കണക്കുകൾ എന്നെ കുറച്ച് മാസത്തേക്ക് സന്തോഷിപ്പിക്കും എന്നത് ഉറപ്പാണ്, എന്നാൽ ഇത് താൽക്കാലികമാണ്, സ്നേഹം എപ്പോഴും നിലനിൽക്കും. അടുത്ത സമ്മറിൽ ഈ 1000 കോടി മറ്റേതെങ്കിലും ചിത്രം മറികടക്കും, മറികടക്കണമെന്നാണ് ഞാനും ആഗ്രഹിക്കുന്നത്. സിനിമാ വ്യവസായവും പുരോഗതി കൈവരിക്കണം' അല്ലു അർജുൻ പറഞ്ഞു.
#AlluArjun about 1000cr in todays #Pushpa2TheRule event:
— AmuthaBharathi (@CinemaWithAB) December 12, 2024
"The 1000cr number is just reflection of Love. Number is temporary & but love is forever. I want these numbers to be broken at least by next summer irrespective of any Industry. That is progression" pic.twitter.com/NjUnwlciBA
സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്. പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടിയായിരുന്നു നേടിയത്. ഇതും റെക്കോര്‍ഡായിരുന്നു.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിച്ചത്.
Content Highlights: Allu Arjun says that Pushpa's 1000 crores is temporary