പുഷ്പ 2 റിലീസ് വേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്ത സംഭവം വാർത്തകളിൽ ഇടം നേടുകയാണ്. ഇതിനിടയിൽ അല്ലു അർജുന്റെ കുടുംബത്തെ സന്ദർശിച്ചിരിക്കുകയാണ് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ. ജൂബിലി ഹിൽസിലെ നടന്റെ വസതിയിലെത്തിയാണ് പവൻ കല്യാൺ കുടുംബത്തെ സന്ദർശിച്ചത്. നേരത്തെ നടൻ ചിരഞ്ജീവിയും ഭാര്യയും അല്ലുവിന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു.
'മെഗാ ഫാമിലി' എന്ന് വിളിക്കപ്പെടുന്ന ചിരഞ്ജീവിയുടെ കുടുംബവും അല്ലു അര്‍ജുനും തമ്മിൽ ഭിന്നതയുണ്ട് എന്ന തരത്തിൽ അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. നടന്റെ ആരാധകരും പവൻ കല്യാൺ ആരാധകരും തമ്മിൽ ഇക്കാര്യത്തെ ചൊല്ലി തർക്കങ്ങളും രൂപപ്പെട്ടിരുന്നു. ഇതിനിടയിലാണ് പവൻ കല്യാണും ചിരഞ്ജീവിയും അല്ലുവിന്റെ കുടുംബത്തെ സന്ദർശിച്ചിരിക്കുന്നത്.
അതേസമയം അല്ലു അര്‍ജുന് ഇടക്കാല ജാമ്യം ലഭിച്ചു. തെലങ്കാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അല്ലു അര്‍ജുനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഒന്നേ മുക്കാല്‍ മണിക്കൂര്‍ വാദം കേട്ട ശേഷമാണ് ജാമ്യം അനുവദിച്ചത്. ചലച്ചിത്ര താരമായല്ല, സാധാരണക്കാരനായി തന്റെ ഹര്‍ജി പരിഗണിക്കണമെന്ന് അല്ലു അര്‍ജുന്‍ അഭിഭാഷകന്‍ മുഖേന കോടതിയില്‍ ആവശ്യപ്പെട്ടു.
സാധാരണക്കാരനാണെങ്കിലും ജാമ്യം നല്‍കേണ്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മനപൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം നിലനില്‍ക്കുമോ എന്നതില്‍ സംശയമുണ്ട്. മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ട്. എന്നാല്‍ കുറ്റം അല്ലു അര്‍ജുന് മേല്‍ മാത്രം നിലനില്‍ക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. സൂപ്പര്‍ താരമാണെന്ന് കരുതി പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പറയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Content Highlights: Pawan Kalyan visits Allu Arjun and family