ജയില്‍മോചിതനായി വീട്ടിലെത്തിയ അല്ലു അര്‍ജുനെ കണ്ടതും വികാരനിര്‍ഭരരായി കുടുംബം. അല്ലുവിന്റെ കാര്‍ വീട്ടിലെത്തുമ്പോഴേക്കും അനിയന്‍ അല്ലു സിരിഷ് വാഹനത്തിന്റെ അടുത്തേക്ക് ഓടിയെത്തി. കാറില്‍ നിന്നും ഇറങ്ങിയ നടനെ വാരിപ്പുണര്‍ന്നു.
മക്കളും ഭാര്യ സ്‌നേഹ റെഡ്ഡിയും നിറകണ്ണുകളോടെയായിരുന്നു അല്ലുവിനെ കാത്തുനിന്നത്. മക്കളെ ഇരുവരെയും എടുത്തുയര്‍ത്തി കെട്ടിപ്പിടിച്ചാണ് അല്ലു ആശ്വസിപ്പിച്ചത്. കരഞ്ഞുകൊണ്ടായിരുന്നു ഭാര്യയും അല്ലുവും കെട്ടിപ്പിടിച്ചതും. പരസ്പരം ആശ്വസിപ്പിച്ച ശേഷമാണ് പിന്നീട് എല്ലാവരോടുമൊപ്പം നടന്‍ വീട്ടിലേക്ക് നീങ്ങിയത്. അല്ലു വീട്ടിലെത്തുമ്പോഴുണ്ടായ ഈ നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അല്ലു അര്‍ജുന്‍ പങ്കെടുത്ത പുഷ്പ 2വിന്റെ ഒരു പ്രദര്‍ശനത്തിനിടെ, തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരണപ്പെട്ട സംഭവത്തിലാണ് അല്ലു അര്‍ജുനെ ഹൈദരബാദ് പൊലീസ് ഇന്നലെ (ഡിസംബര്‍ 13) അറസ്റ്റ് ചെയ്തത്. നമ്പള്ളി മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നായിരുന്നു നടനെ ചഞ്ചല്‍ഗുഡ ജയിലിലേക്ക് മാറ്റിയത്. ഇന്നലെ തന്നെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നെങ്കിലും ഇന്ന് രാവിലെയാണ് നടന്‍ ജയില്‍ മോചിതനായത്.
അല്ലുവിനെ സ്വീകരിക്കാന്‍ പിതാവ് അല്ലു അരവിന്ദും ഭാര്യാ പിതാവ് കെ ചന്ദ്രശേഖര്‍ റെഡ്ഡിയും ചഞ്ചല്‍ഗുഡ ജയില്‍ പരിസരത്ത് എത്തിയിരുന്നു. ജയിലിന് പുറത്ത് വന്‍ പൊലീസ് സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും അല്ലു അര്‍ജുന്‍ നന്ദി പറയുകയും അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
♥️🥺 Pure Soul!
— Trends Allu Arjun ™ (@TrendsAlluArjun) December 14, 2024
The person behind this illegal arrest will get his reward. Will be there for that moment.🤝@alluarjun #AlluArjun pic.twitter.com/Xlx8YGNY2X
'ആരാധകര്‍ അടക്കമുള്ള നിരവധി പേര്‍ എനിക്ക് പിന്തുണയുമായി എത്തി. അവര്‍ക്കെല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്. രാജ്യത്തെ നിയമം പാലിക്കുന്ന ഒരു പൗരനാണ് ഞാന്‍. അതുകൊണ്ടുതന്നെ കേസന്വേഷണവുമായി സഹകരിക്കും. തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത് വിഷമകരമായ സംഭവമാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. ആ കുടുംബത്തിന്റെ ഒപ്പം എപ്പോഴുമുണ്ടാകും' എന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.
Content Highlights: Allu Arjun and family get emotionall after he released from jail, video goes viral