പുഷ്പ 2 വിജയത്തിന് പിന്നാലെ അല്ലു അർജുനെ പ്രകീർത്തിച്ച് ശക്തിമാൻ പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ മുകേഷ് ഖന്ന. ശക്തിമാൻ എന്ന കഥാപാത്രത്തിന് അനുയോജ്യനായ വ്യക്തിയാണ് അല്ലു. നല്ല രൂപവും ഉയരവുമുള്ള വ്യക്തിയാണ് അദ്ദേഹം. എന്നാൽ അവർ (പുഷ്പ നിർമ്മാതാക്കൾ) അദ്ദേഹത്തെ വില്ലനാക്കി എന്ന് മുകേഷ് ഖന്ന പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മുകേഷ് ഖന്നയുടെ പ്രതികരണം.
പുഷ്പ 2ന്റെ മേക്കിങ്ങിനെ ഏറെ പ്രശംസിച്ച മുകേഷ് ഖന്ന ചിത്രത്തിൽ ചന്ദനക്കടത്തിനെ കടത്തിനെ മഹത്വവത്കരിക്കുന്നതായും ആശങ്ക പ്രകടിപ്പിച്ചു. 'ചുമ്മാ പണം എറിഞ്ഞ് സാധിക്കാൻ പറ്റുന്ന കാര്യമല്ല. അവർ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് കണ്ടാൽ മനസിലാകും. എത്ര മനോഹരമായാണ് അവർ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് എന്ന് ഓരോ ഫ്രെയിമും പറയും. എന്നാൽ അവർ ചന്ദനക്കടത്ത് ഗ്ലാമറൈസ് ചെയ്തിരിക്കുന്നു. നിങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം എന്താണ്? കള്ളക്കടത്ത് നടത്താനും പൊലീസിനെ തല്ലാനും കഴിയുന്ന ആളുകളെ കാണിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ദക്ഷിണേന്ത്യയിലെ സിനിമാ പ്രവർത്തകരോട് എനിക്ക് പറയാനുള്ളത് ഹിറ്റ് നേടാനായി ഇത്തരം സിനിമകൾ ചെയ്യരുതെന്നാണ്,' മുകേഷ് ഖന്ന വീഡിയോയിൽ പറഞ്ഞു.
തെന്നിന്ത്യൻ സിനിമകളുടെ ചിത്രീകരണ രീതിയും ബോളിവുഡ് സിനിമാ ചിത്രീകരണ രീതിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും മുകേഷ് ഖന്ന വീഡിയോയിൽ വാചാലനായി. 'ദക്ഷിണേന്ത്യയിൽ നിന്ന് പഠിക്കാൻ ഞാൻ ബോളിവുഡിനോട് അഭ്യർത്ഥിക്കുന്നു. ഇപ്പോൾ നിങ്ങൾ പറയും, അവർക്ക് നമ്മളേക്കാൾ കൂടുതൽ പണമുണ്ടെന്ന്, പക്ഷേ അത് ശരിയല്ല. ദക്ഷിണേന്ത്യയിൽ, സിനിമയുടെ മുഴുവൻ ബജറ്റും നായകൻ കൊണ്ടുപോകുന്നില്ല. അവർ അത് നന്നായി പ്ലാൻ ചെയ്യുന്നു. എന്നാൽ ഇവിടെ 150 കോടി രൂപ മുടക്കിയുള്ള സിനിമയിൽ 60 കോടിയാണ് നായകൻ്റെ കയ്യിൽ എത്തുന്നത്. വലിയ നായകന്മാർ അതിലും കൂടുതൽ വാങ്ങുന്നു. സിനിമ ഓടാതെ വരുമ്പോൾ പ്രതിഫലം കുറക്കണം. മൂന്ന് ഫ്ലോപ്പുകൾക്ക് ശേഷവും ഇവിടെ ഹീറോകൾ 90 കോടി വാങ്ങുകയാണ്. നായകന് 60 കോടി കൊടുത്താൽ എഴുത്തുകാരന് 30 കോടി കൊടുക്കണം,' എന്ന് മുകേഷ് ഖന്ന അഭിപ്രായപ്പെട്ടു.
അതേസമയം പുഷ്പ 2 ആഗോളതലത്തിൽ 1000 കോടിയും കടന്ന് തേരോട്ടം തുടരുകയാണ്. സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്. പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടിയായിരുന്നു നേടിയത്. ഇതും റെക്കോര്‍ഡായിരുന്നു.
ഇതിനിടയിൽ പുഷ്പ 2വിന്റെ ഒരു പ്രദര്‍ശനത്തിനിടെ, തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരണപ്പെട്ട സംഭവത്തിൽ അല്ലു അറസ്റ്റിലായ സംഭവം വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഹൈദരബാദ് പൊലീസ് ഇന്നലെയാണ് (ഡിസംബര്‍ 13) അല്ലുവിനെ അറസ്റ്റ് ചെയ്തത്. നമ്പള്ളി മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് നടനെ ചഞ്ചല്‍ഗുഡ ജയിലിലേക്ക് മാറ്റിയിരുന്നു. ഇന്നലെ തന്നെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നെങ്കിലും ഇന്ന് രാവിലെയാണ് നടന്‍ ജയില്‍ മോചിതനായത്.
Content Highlights: Mukesh Khanna wants Allu Arjun to play Shaktimaan