മോഹന്‍ലാലിനൊപ്പം നായികാവേഷത്തിലെത്തിയ വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഷൂട്ടിങ്ങിനിടയില്‍ തന്റെ അഭിനയത്തില്‍ ഫാസില്‍ ഒരിക്കല്‍ വലിയ നിരാശനായെന്ന് ഓര്‍ത്തെടുക്കുകയാണ് നടി. തൊട്ടടുത്ത ദിവസത്തെ ഷൂട്ടില്‍ നന്നായി അഭിനയിച്ചുകൊണ്ട് ആ നിരാശ മാറ്റിയെടുക്കാന്‍ കഴിഞ്ഞെന്നും നടി പറഞ്ഞു.
ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആദ്യകാല സിനിമകളെയും ഷൂട്ടിങ്ങിനെയും കുറിച്ച് നടി സംസാരിച്ചത്. മോഹന്‍ലാലിനൊപ്പമുള്ള അനുഭവവും അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്. അഭിനയിക്കുമ്പോള്‍ ഉള്ളില്‍ നിന്ന് വേണം വികാരങ്ങള്‍ പ്രകടിപ്പിക്കാനെന്ന് മോഹന്‍ലാല്‍ പറഞ്ഞതിനെ കുറിച്ചും നയന്‍താര സംസാരിച്ചു. ആ സമയത്ത് അദ്ദേഹം പറഞ്ഞ കാര്യം മനസിലായില്ലെങ്കിലും പിന്നീട് ബോധ്യമായെന്നും നയന്‍താര വിശദമാക്കി.
'സിനിമയുടെയും ആക്ടിങ്ങിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ടായാണ് ഫാസില്‍ സാര്‍ അറിയപ്പെടുന്നത്. വിസ്മയത്തുമ്പത്തിന്റെ ഷൂട്ടിനിടയില്‍ ഒരു ദിവസം അദ്ദേഹത്തിന് എന്റെ അഭിനയത്തില്‍ വലിയ അതൃപ്തി തോന്നി. കഥാപാത്രത്തെ മനസിലാക്കുന്നില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സാധാരണ നമ്മള്‍ സംസാരിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണല്ലോ സിനിമയുടെ ഭാഷ. ഞാന്‍ ഓരോ ഡയലോഗ് പറയുമ്പോഴും 'നയന്‍, ഉള്ളില്‍ നിന്നാണ് വികാരങ്ങള്‍ പ്രകടിപ്പിക്കേണ്ടത്, ഉള്ളില്‍ നിന്നും അഭിനയം വരണം' എന്നിങ്ങനെ മോഹന്‍ലാല്‍ സാര്‍ പറയുമായിരുന്നു. മോഹന്‍ലാല്‍ സാര്‍ ഇതിങ്ങനെ ആവര്‍ത്തിച്ചപ്പോള്‍ എനിക്ക് ദേഷ്യം വരാന്‍ തുടങ്ങിയിരുന്നു.
ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് പോലും എനിക്ക് അറിയില്ല, എന്ത് ഡയലോഗാണ് ഈ പറയുന്നത് എന്ന് പോലും മനസിലാകുന്നില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഈ മാര്‍ക്കില്‍ നില്‍ക്കൂ, നിഴല്‍ വരാതെ നോക്കൂ, ഈ പത്ത് വരി ഡയലോഗ് പറയൂ, ഈ വാക്കില്‍ ആക്ടറെ നോക്കൂ, അടുത്ത വാചകത്തില്‍ പ്രണയാര്‍ദ്രയായി നോക്കൂ എന്നിങ്ങനെ ഒരുപാട് നിര്‍ദേശങ്ങളാണ് തരുന്നത്.
ഇതെല്ലാം എനിക്ക് എങ്ങനെ ഓര്‍ത്തുവെക്കാനും മനസിലാക്കാനും കഴിയുമെന്ന് ഞാന്‍ ചോദിച്ചു. ഉള്ളില്‍ നിന്ന് വരണമെങ്കില്‍ എന്റെ ഉള്ളില്‍ എന്തെങ്കില്‍ വേണമല്ലോ, ആകെ പേടി മാത്രമാണ് തോന്നുന്നത്. ഞാൻ പറഞ്ഞു. ഇതെല്ലാം കേട്ടപ്പോള്‍ മോഹന്‍ലാല്‍ സാര്‍ ചിരിച്ചുപോയി.
ബ്രേക്ക് എടുക്കൂ എന്ന് സാര്‍ പറഞ്ഞു. ഫാസില്‍ സാര്‍ കൂടുതല്‍ നിരാശനായി. അദ്ദേഹം അവിടെ നിന്നും മാറിയിരുന്നു. പിന്നെ രണ്ട് മണിക്കൂറിന് ശേഷം തിരിച്ചുവന്നു. നിന്നില്‍ എനിക്ക് വിശ്വാസമുണ്ട്. ഇപ്പോള്‍ ബ്രേക്ക് എടുക്കൂ. നാളെ വന്നിട്ട് ഏറ്റവും മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യൂ, എന്ന് പറഞ്ഞു. അടുത്ത ദിവസത്തെ ഷൂട്ടിന് ശേഷം അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചായിരുന്നു അഭിനന്ദിച്ചത്,' നയന്‍താര പറഞ്ഞു.
2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വിസ്മയത്തുമ്പത്ത്. റീത്ത മാത്യൂസ് എന്ന കേന്ദ്ര കഥാപാത്രമായിട്ടായിരുന്നു നയന്‍താര എത്തിയത്. സൈക്കോളജിക്കല്‍ ത്രില്ലര്‍, സൂപ്പര്‍ നാച്ചുറല്‍ ഴോണറുകളില്‍ വന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും നിര്‍മിച്ചതും ഫാസില്‍ തന്നെയായിരുന്നു.
Content Highlights: Nayanthara shares shooting experiences with mohanlal