ഇന്ത്യൻ സിനിമയിലെ സമീപകാല കളക്ഷൻ റെക്കോർഡുകൾ എല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് അല്ലു അർജുൻ നായകനായ പുഷ്പ 2. പുഷ്പരാജ് എന്ന കഥാപാത്രമായുള്ള അല്ലു അര്‍ജുന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ അല്ലു അർജുന്റെ 20 മിനിറ്റോളം വരുന്ന ജാതര സീൻ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഫൈറ്റ്, ഡാന്‍സ്, ഇമോഷന്‍സ് എന്നിവയെല്ലാം ഉൾക്കൊള്ളിച്ച ഈ രംഗം ചെയ്യാൻ അല്ലുവിനല്ലാതെ മറ്റാർക്കും സാധിക്കില്ലെന്ന് ചിത്രത്തിലെ നായിക കൂടിയായ രശ്‌മിക മന്ദാന ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. നടിയുടെ ഈ പരാമര്‍ശത്തിന് പിന്നാലെ വലിയ വിമര്‍ശനവും ഉയരുകയാണ്.
‘നല്ല ബോധ്യത്തോട് കൂടി തന്നെ പറയട്ടെ, എന്റെ ജീവിതത്തില്‍ ഒരു നടന്‍ അതുപോലെ പെര്‍ഫോം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. അല്ലു അര്‍ജുനല്ലാതെ മറ്റൊരു നടനും ഇതുപോലെ പെര്‍ഫോം ചെയ്യാന്‍ സാധിക്കില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. ഒന്ന് ചിന്തിച്ചു നോക്കൂ, ഇന്ത്യന്‍ സിനിമയില്‍ ഇതുപോലെ ചെയ്യാനുള്ള ധൈര്യം മറ്റേതെങ്കിലും നടന് ഉണ്ടാകുമോ? എന്നായിരുന്നു പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ രശ്‌മിക പറഞ്ഞിരുന്നത്.
Actress #RashmikaMandanna shocking comments on #AlluArjun 🤯🤯pic.twitter.com/1FsPK8Fjnb
— The Box Office Buz (@TheBoxOfficeBuz) December 11, 2024
ഇതിനുപിന്നാലെ, ഇന്ത്യൻ സിനിമയെക്കുറിച്ച് രശ്‌മികയ്ക്ക് വലിയ വിവരമില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കമൽ ഹാസൻ അടക്കമുള്ള പല നടൻമാരും സാരി ഉടുത്ത് നടത്തിയ പ്രകടനങ്ങൾ രശ്‌മിക കണ്ടിട്ടില്ലേയെന്നും ചോദ്യങ്ങൾ ഉണ്ട്.
അല്ലു പുഷ്പയിൽ 25 മിനിട്ടാണ് സാരി ഉടുത്തതെങ്കില്‍ 'അവൈ ഷണ്‍മുഖി' സിനിമയിൽ നല്ലൊരു ഭാഗവും കമൽ ഹാസൻ അഭിനയിച്ചത് സാരി ഉടുത്തായിരുന്നു. കാഞ്ചനയില്‍ ട്രാന്‍സ്ജെന്‍ഡറായി അഭിനയിച്ച ശരത്കുമാറിനേയും സാരി ഉടുത്ത് അഭിനയിച്ച രാഘവ ലോറന്‍സിനേയും റോമിയോ സിനിമയിലെ ശിവകർത്തികേയനെയും സൂപ്പര്‍ ഡീലക്സിലെ വിജയ് സേതുപതിയുടെ പെര്‍ഫോമന്‍സുമെല്ലാം രശ്‌മികയ്ക്ക് മുന്നിൽ നിരത്തിയിരിക്കുകയാണ് നെറ്റിസണ്‍സ്. എന്തിനേറെ മലയാളത്തിലെ ജയറാമിന്റെയും, ഉണ്ണി മുകുന്ദന്റെയും, ദിലീപിന്റെയും ഇന്നസെന്റിന്റേയും വരെ ചിത്രങ്ങൾ ഉദാഹരണങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
അതേസമയം, പുഷ്പയിലെ രശ്‌മിക മന്ദാന അവതരിപ്പിച്ച ശ്രീവല്ലി എന്ന കഥാപാത്രത്തിനെതിരെയും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഓവർ ക്യൂട്ട്നെസ് ആണ് സമീപ ചിത്രങ്ങളിലെ പോലെ പുഷ്പയിലും രശ്‌മിക കാഴ്ചവെക്കുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ രശ്‌മികയുടെ പ്രകടനത്തെ പ്രശംസിക്കുന്നവരും കുറവല്ല.
Content Highlights: Rashmika gets trolled on social media