'മമ്മൂട്ടിയോട് മതിപ്പ് തോന്നുന്നു, കാതൽ പോലൊരു സിനിമ ഹിന്ദിയിൽ ചെയ്യാൻ ഒരു നടനും ആവില്ല', ഷബാന ആസ്മി

'ആ സിനിമ നിർമ്മിക്കാനുള്ള അദ്ദേഹത്തിന്റെ ധൈര്യത്തെയും ഞാൻ സല്യൂട്ട് ചെയ്യുന്നു. കാരണം ഒരു ഹിന്ദി താരവും ഇങ്ങനെയൊരു സിനിമ നിർമിക്കാനുള്ള ധൈര്യം കാണിക്കില്ല'

dot image

'കാതൽ' എന്ന സിനിമ നിർമ്മിക്കാൻ മമ്മൂട്ടി കാണിച്ച ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നുവെന്ന് നടി ഷബാന ആസ്മി. സിനിമ കണ്ട് മമ്മൂട്ടിയോട് മതിപ്പു തോന്നിയെന്നും ചിത്രം നിർമ്മിക്കാൻ നടൻ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും ഷബാന പറഞ്ഞു. ബോളിവുഡിലെ ഒരു താരത്തിനും ഇതുപോലൊരു ചിത്രം ചെയ്യാൻ കഴിയില്ലെന്നും ഷബാന ആസ്മി കൂട്ടിച്ചേർത്തു. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മുഖ്യാതിഥിയായി എത്തിയപ്പോഴായിരുന്നു നടിയുടെ പ്രതികരണം.

'മലയാള ചിത്രങ്ങൾ വലിയൊരു ഐഡന്റിറ്റി സൃഷ്ടിക്കുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ഞങ്ങളെ പോലെയുള്ളവർക്ക് അടൂരിന്റെ സിനിമകളൊക്കെ നല്ല പരിചയം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകൾ വ്യാപകമായതോടെ മലയാള സിനിമ ലോകശ്രദ്ധ നേടുന്നു. മലയാള സിനിമ ഇന്ത്യൻ സിനിമയ്ക്ക് തന്നെ വെളിച്ചമാകുന്നു. മമ്മൂട്ടിയുടെ കാതൽ എന്ന സിനിമ കണ്ടിട്ട് എനിക്ക് വളരെ മതിപ്പ് തോന്നി. മാത്രമല്ല ആ സിനിമ നിർമ്മിക്കാനുള്ള അദ്ദേഹത്തിന്റെ ധൈര്യത്തെയും ഞാൻ സല്യൂട്ട് ചെയ്യുന്നു. കാരണം ഒരു ഹിന്ദി താരവും ഇങ്ങനെയൊരു സിനിമ നിർമിക്കാനുള്ള ധൈര്യം കാണിക്കില്ല' ഷബാന ആസ്മി പറഞ്ഞു.

മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതൽ ദ കോർ. ചിത്രത്തിൽ സ്വവർഗ്ഗാനുരാഗിയായ മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് നിരവധി പ്രേക്ഷകപ്രശംസകൾ റിലീസ് സമയത്ത് തന്നെ ലഭിച്ചിരുന്നു.

ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേർന്നാണ്. ചിത്രത്തിൽ മാത്യുവിന്റെ ഭാര്യ ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിച്ചത്. വേഫറർ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചത്. ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാണ്.

Content Highlights:  Shabana Azmi on Mammootty film Kathal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us