100 ദിവസം കഴിഞ്ഞും തുടരുന്ന ജൈത്രയാത്ര, ഇത് ദളപതി സ്പെഷ്യൽ; ആഘോഷമാക്കി വിജയ് ആരാധകർ

കേരളത്തിൽ വിജയിക്കാനായില്ലെങ്കിലും വിജയ്‌യുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി ഗോട്ട് മാറി

dot image

വിജയ്‌യെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ആക്ഷൻ എൻ്റർടൈയ്നർ ചിത്രമാണ് 'ദി ഗോട്ട്'. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും 400 കോടിക്ക് മുകളിൽ നേടി വലിയ വിജയമാണ് സിനിമ സ്വന്തമാക്കിയത്. ഈ വർഷത്തെ തമിഴ് ചിത്രങ്ങളിലെ ഏറ്റവും വലിയ ഹിറ്റായ ഗോട്ട് ഇപ്പോൾ 100 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. സിനിമയുടെ 100ാം ദിന ആഘോഷങ്ങളുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

സിനിമയിലെ ഇൻട്രോ സീനിനും ടൈറ്റിൽ കാർഡിനും ആരാധകർ ആർപ്പുവിളികളോടെ വരവേൽക്കുന്നതും കൈയടിക്കുന്നതുമാണ് വീഡിയോയിലെ ഉള്ളടക്കം. മധുരവായലിലുള്ള എജിഎസ്സിന്റെ തിയേറ്ററിലാണ് സിനിമയുടെ 100ാം ദിവസം ആഘോഷിക്കപ്പെട്ടത്. 455 കോടിയാണ് ലോകമെമ്പാടും നിന്നുള്ള ചിത്രത്തിന്റെ കളക്ഷൻ. തമിഴ്നാട്ടിൽ നിന്ന് മാത്രം 220 കോടിക്കടുത്ത് ചിത്രം നേടി. ഈ വർഷത്തെ തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രമായി മാറിയിരിക്കുകയാണ് ഗോട്ട്. ആദ്യ ദിവസം 31 കോടി രൂപയാണ് സിനിമ നേടിയത്.

എന്നാൽ സിനിമക്ക് കേരളത്തിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. 5.80 കോടി നേടി ആദ്യ ദിനം മുന്നേറിയെങ്കിലും സിനിമക്ക് ലഭിച്ച മോശം പ്രതികരണം കേരളത്തിൽ വിനയായി. കേരളത്തിലെ വിജയ്‌യുടെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായിരുന്നു 'ദി ഗോട്ട്'. 13 കോടിയോളമാണ് കേരളത്തിലെ ചിത്രത്തിന്റെ കളക്ഷന്‍. കേരളത്തിൽ വിജയിക്കാനായില്ലെങ്കിലും വിജയ്‌യുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി ഗോട്ട് മാറിയിരിക്കുകയാണ്. 600 കോടിയിലധികം നേടിയ ലിയോയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഗോട്ട് സിനിമയുടെ കളക്ഷന്റെ സിംഹഭാഗവും തമിഴ്‌നാട്ടിൽ നിന്ന് തന്നെയാണ് ലഭിച്ചിരിക്കുന്നത്.

വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടിൽ സ്നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവർക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആക്ഷൻ മൂഡിൽ ഒരുക്കിയ ഗോട്ട്, എജിഎസ് എന്റർടെയിന്മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Content Highlights: Thalapathy Vijay film The GOAT completes 100 days video goes viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us