'മുസ്ലിം പശ്ചാത്തലമായതിനാൽ അഭിനയത്തിൽ വന്നപ്പോൾ കുടുംബത്തിൽ എതിർപ്പുണ്ടായിരുന്നു'; നസ്രിയ

'എന്റെ വാപ്പയാണ് എനിക്കൊപ്പം നിന്നത്. അവൾക്ക് എന്താണ് സന്തോഷം തരുന്നത് അതവൾ ചെയ്യട്ടെ എന്ന് അദ്ദേഹം പറഞ്ഞു'

dot image

ഒരു മുസ്ലീം കുടുംബത്തിൽ നിന്നു വരുന്നതു കൊണ്ടു തന്നെ താൻ അഭിനയത്തിലേക്ക് വരുന്നതിൽ പലർക്കും താൽപര്യക്കുറവുണ്ടായിരുന്നുവെന്ന് നടി നസ്രിയ. കുട്ടിക്കാലം മുതൽക്കേ സ്റ്റേജ് പെർഫോമൻസുകളും മറ്റുമായി സജീവമായ നസ്രിയ ദുബായ് വിട്ട് നാട്ടിലേക്ക് എത്തിയപ്പോൾ നിരവധി ഓഫറുകൾ വന്നിരുന്നെങ്കിലും കുടുംബത്തിലെ പലർക്കും താൻ അഭിനയിക്കാൻ പോകുന്നതിനോട് താല്പര്യം ഇല്ലായിരുന്നുവെന്ന് നസ്രിയ പറഞ്ഞു. സൂക്ഷ്മദർശിനി ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഖാലിദ് അൽ അമേരിക്കു നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

'പണ്ടു മുതൽക്കേ സ്റ്റേജ് പെർഫോമൻസ് ഒക്കെ ചെയ്യുകയും, വളരെ ആക്ടീവ് ആയി നിൽക്കുകയും ചെയ്യുന്ന ഒരു കുട്ടി ആയിരുന്നു ഞാൻ. എന്റെ മാതാപിതാക്കളുടെ പിന്തുണ കൊണ്ടാണ് എനിക്ക് അതിന് സാധിച്ചത്. പക്ഷേ ഇതെല്ലാം ചെയ്തുകൊണ്ടിരുന്നത് ഞാൻ ദുബായിൽ താമസിക്കുന്ന സമയത്താണ്. അതിന് ശേഷം ഞങ്ങൾ ഇവിടേക്ക് തിരിച്ചു വന്നപ്പോൾ എനിക്ക് ഓഫറുകൾ പലതും വന്നിരുന്നു. എന്നാൽ ഞാനൊരു മുസ്ലിം പശ്ചാത്തലത്തിൽ നിന്നു വരുന്നതുകൊണ്ടു തന്നെ കുടുംബത്തിലെ പലർക്കും ഇതിനോട് താൽപര്യമുണ്ടായിരുന്നില്ല. പക്ഷേ എന്റെ വാപ്പയാണ് എനിക്കൊപ്പം നിന്നത്. അവൾക്ക് എന്താണ് സന്തോഷം തരുന്നത് അതവൾ ചെയ്യട്ടെ എന്ന് അദ്ദേഹം പറഞ്ഞു' നസ്രിയ പറഞ്ഞു.

എം സി ജിതിൻ സംവിധാനം ചെയ്ത 'സൂക്ഷ്മദർശിനി' യാണ് നസ്രിയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. സിനിമ ഇതിനോടകം തന്നെ 50 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. ഇരു താരങ്ങളുടെയും ഇതുവരെ കാണാത്ത മാനറിസങ്ങളും പ്രകടനങ്ങളുമാണ് സിനിമയുടെ ഹൈലൈറ്റ്.

ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

Content Highlights: being froma muslim family many were opposed to me acting said nazriya

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us