മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ ഹിന്ദി ട്രെയ്‍ലര്‍ ലോഞ്ച് വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാറാണ് ബറോസിന്റെ ഹിന്ദി ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ഇപ്പോഴിതാ വേദിയിൽ മലയാള സിനിമകളെക്കുറിച്ച് മോഹൻലാൽ പറയുന്നതാണ് ശ്രദ്ധ നേടുന്നത്. മലയാള സിനിമാ ഇൻഡസ്ട്രി ചെറുതാണെങ്കിലും ഇന്ത്യൻ സിനിമാ മേഖലയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് മോഹൻലാൽ പറഞ്ഞു.
'കേരളം ഒരു ചെറിയ മാർക്കറ്റ് ആണ്. പക്ഷേ മലയാള സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. പല മലയാള സിനിമകളും പാൻ ഇന്ത്യൻ ലെവൽ വരെ എത്തിയിട്ടുണ്ട്. അഭിമാനത്തോടെ പറയാൻ കഴിയും കാലാപാനി ഒരു പാൻ ഇന്ത്യൻ ചിത്രമാണെന്ന്. ആദ്യത്തെ സിനിമാ സ്കോപ് ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ കൊണ്ടുവന്നത് മലയാളത്തിലാണ്, ആദ്യ ത്രീഡി ചിത്രം ഉണ്ടായത് മലയാളത്തിൽ നിന്നാണ്. ആദ്യത്തെ കോ പ്രൊഡക്ഷൻ, ഫ്രാൻസുമായി നടത്തിയ ചിത്രം വാനപ്രസ്ഥം ഉണ്ടായതും മലയാളത്തിൽ നിന്നാണ്. അത്തരത്തിൽ മാറ്റങ്ങൾ ഉണ്ടാകാനാണ് മലയാള സിനിമ നോക്കുന്നത്, അതാണ് എന്‍റെ സ്വപ്നവും. ആ മാറ്റങ്ങളില്‍ ഞാൻ അഭിമാനിക്കുന്നു' മോഹൻലാൽ പറഞ്ഞു.
Lalettan About Mollywood Industry 👌🔥#Kaalapani #Vanaprastham #Barroz3D @Mohanlal pic.twitter.com/J4ATIHx3v0
— Vishnu P.S彡 (@im__vishnu_) December 14, 2024
ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ബറോസ് തിയേറ്ററിലെത്തുന്നത്. മികച്ച പ്രതികരണങ്ങളായിരുന്നു സിനിമയുടെ ട്രെയിലറിന് ലഭിച്ചത്. സിനിമയുടെ വിര്‍ച്വല്‍ ത്രീഡി ട്രെയ്‌ലറാണ് പുറത്തിറങ്ങിയത്. കുട്ടികള്‍ക്കുള്ള ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. നിധി കാക്കുന്ന ഒരു ഭൂതവും ഒരു കൊച്ചു കുട്ടിയും അവരുടെ അത്ഭുത ലോകവുമെല്ലാമുള്ള സിനിമ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരു ക്രിസ്തുമസ് വിരുന്നായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
Content Highlights: mohanlal about malayalam cinema industry