രാം ചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ചിത്രമാണ് 'ഗെയിം ചേഞ്ചർ'. 400 കോടി ബഡ്ജറ്റിൽ ഒരുക്കിയ സിനിമക്ക് മേൽ വലിയ പ്രതീക്ഷകളാണ് ഉള്ളത്. കേരളത്തിൽ ചിത്രം റിലീസിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. അല്ലു അർജുന്റെ പുഷ്പ 2 കേരളത്തിൽ എത്തിച്ചതും ഇ ഫോർ എന്റർടൈൻമെന്റ് ആയിരുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ കേരളത്തിൽ പ്രദർശനത്തിനെത്തിക്കും.
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ- റിലീസ് ഇവന്റ് ഡിസംബർ 21 നു യുഎസ്എയിലെ ഡള്ളാസിൽ വെച്ച് നടക്കും. പുഷ്പ , പുഷ്പ 2, റാം ചരൺ നായകനായ രംഗസ്ഥലം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സൂപ്പർ ഹിറ്റ് സംവിധായകൻ സുകുമാർ ആണ് ചിത്രത്തിന്റെ പ്രീ - റിലീസ് ഇവന്റിലെ മുഖ്യാതിഥി.
വമ്പൻ ബഡ്ജറ്റിൽ ശങ്കർ ഒരുക്കിയ ഗെയിം ചേഞ്ചറിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം സമൂഹ മാധ്യങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ കഥാ പശ്‌ചാത്തലത്തിലേക്കും രാം ചരൺ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലേക്കും പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്ന ചിത്രത്തിന്റെ ടീസറിന് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. രാം ചരൺ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം, വമ്പൻ ആക്ഷൻ രംഗങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമൃദ്ധമാണെന്നും സൂചനകൾ ഉണ്ട്.
ചിത്രത്തിലെ ഗാനങ്ങളുടെ ലിറിക് വീഡിയോയും ആ ദൃശ്യ മികവിന് അടിവരയിടുന്നുണ്ട്. കിയാര അദ്വാനി, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. രാം ചരണിൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് 'ഗെയിം ചേഞ്ചർ' ഒരുക്കിയിരിക്കുന്നത്.
കമൽ ഹാസൻ നായകനായ 'ഇന്ത്യൻ 2' ചിത്രത്തിന്റെ പരാജയത്തിന് ശേഷം പുറത്തിറങ്ങുന്ന ശങ്കർ ചിത്രമാണ് 'ഗെയിം ചേഞ്ചർ'. അതിനാൽ തന്നെ വലിയൊരു വിജയം ഷങ്കറിന് അനിവാര്യമാണ്. നിരൂപകരും പ്രേക്ഷകരും ഒരുപോലെ സിനിമയെ ഉറ്റുനോക്കുനുണ്ട്. ജനുവരി 10ന് സംക്രാന്തി റിലീസായിട്ടാണ് ചിത്രം തിയേറ്ററിലെത്തുക.
രചന- സു. വെങ്കടേശൻ, വിവേക്, കഥ-കാർത്തിക് സുബ്ബരാജ്, സഹനിർമ്മാതാവ്- ഹർഷിത്, ഛായാഗ്രഹണം- എസ്. തിരുനാവുക്കരസു, സംഗീതം- എസ്. തമൻ, എഡിറ്റർ - ഷമീർ മുഹമ്മദ്, ആന്റണി റൂബൻ, സംഭാഷണങ്ങൾ- സായ് മാധവ് ബുറ, കലാസംവിധായകൻ- അവിനാഷ് കൊല്ല, ആക്ഷൻ കൊറിയോഗ്രാഫർ- അൻമ്പറിവ്, നൃത്തസംവിധായകർ- പ്രഭുദേവ, ഗണേഷ് ആചാര്യ, പ്രേം രക്ഷിത്, ബോസ്കോ മാർട്ടിസ്, ജോണി, സാൻഡി, ഗാനരചയിതാക്കൾ- രാമജോഗയ്യ ശാസ്ത്രി, അനന്ത ശ്രീറാം, കാസർല ശ്യാം, ബാനർ- ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ്, പിആർഒ- ശബരി.
Content Highlights: Ram Charan's 'Game Changer' to be brought to Kerala by E for Entertainment