അർജുൻ റെഡ്‌ഡി, അനിമൽ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗമുണ്ടാക്കിയ സംവിധായകനാണ് സന്ദീപ് റെഡ്‌ഡി വങ്ക. രൺബീറിനെ നായകനാക്കി ഒരുക്കിയ അനിമൽ നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ സിനിമയായിരുന്നു. അനിമലിന് ശേഷം സന്ദീപ് റെഡ്‌ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്പിരിറ്റ്'. പ്രഭാസ് നായകനായി എത്തുന്ന സിനിമക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. ഇപ്പോഴിതാ സിനിമയിലെ മറ്റു അഭിനേതാക്കളെക്കുറിച്ചുള്ള അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് പിങ്ക് വില്ല.
സിനിമയിൽ പ്രഭാസിനൊപ്പം മൃണാൾ താക്കൂർ, സെയ്ഫ് അലി ഖാൻ, കരീന കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതിൽ മൃണാൾ പ്രഭാസിന്റെ നായികയായി എത്തുമ്പോൾ സെയ്ഫും കരീനയും സിനിമയിൽ വില്ലൻ വേഷങ്ങളിൽ ആണ് അവതരിപ്പിക്കുന്നതെന്നും വാർത്തകളുണ്ട്. സിനിമയുടെ ഷൂട്ടിംഗ് അടുത്ത വർഷം ആദ്യമോടെ ആരംഭിക്കും. 2026 ൽ സ്പിരിറ്റ് തിയേറ്ററിൽ എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ
സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ ഓംകാര, താഷാൻ, കുർബാൻ, ഏജന്റ് വിനോദ്, എൽഒസി കാർഗിൽ എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ കരീനയും സെയ്ഫ് അലിഖാനും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. പ്രഭാസും സന്ദീപ് റെഡ്ഡി വംഗയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
കഴിഞ്ഞ ദിവസം ലെറ്റർബോക്സിലൂടെ പുറത്തുവന്ന സിപിരിറ്റിന്റെ കഥ പെട്ടെന്ന് ശ്രദ്ധ നേടിയിരുന്നു. അപമാനിതനായ ഒരു പോലിസുകാരൻ അദ്ദേഹത്തിന്റെ ജോലി തിരിച്ചു പിടിക്കാനായി ഒരു അന്താരാഷ്ട്ര ക്രൈം സിൻഡിക്കേറ്റിന് പുറകേ പോകുന്നു എന്നാണ് ലെറ്റർ ബോക്സ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ സന്ദീപ് റെഡ്ഡി വാംഗ ഒരു പോലീസുകാരനെ ചുറ്റിപ്പറ്റിയുള്ള ചിത്രമാണിതെന്ന സൂചനയും നൽകിയിരുന്നു. വലിയ ആവേശത്തോടെയാണ് ഈ അപ്ഡേറ്റ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കൊറിയൻ നടനായ മാ ഡോങ്-സിയോക്ക് സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഭൂഷൺ കുമാറും സന്ദീപ് റെഡ്ഡി വങ്കയും ചേർന്നാണ് സ്പിരിറ്റ് നിർമ്മിക്കുന്നത്.
Content Highlights: Spirit to have Mrunal Thakur, Saif Ali Khan, Kareena Kapoor with Prabhas