സിരുത്തൈ ശിവ സംവിധാനത്തിലെത്തിയ ചിത്രം കങ്കുവയുടെ പരാജയത്തിന് ശേഷം ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45 എന്ന് താൽക്കാലികമായി പേര് നൽകിയ ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് നടൻ സൂര്യ ഇപ്പോൾ. കങ്കുവ വരുത്തിവെച്ച നഷ്ടം ഈ ചിത്രത്തിലൂടെ സൂര്യ നികത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ലക്കി ഭാസ്കർ എന്ന ചിത്രത്തിലൂടെ തെലുങ്കിലെ ഹിറ്റ് സംവിധായകരിലേക്ക് ഉയർന്ന വെങ്കി അറ്റ്‌ലൂരിക്കൊപ്പം ഒരു ചിത്രത്തിനായി സൂര്യ ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ എത്തുന്നത്. യംഗ് മാത്രയുടെ റിപ്പോർട്ട് അനുസരിച്ച്, ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നും ഈ പ്രോജക്റ്റിന് ഒരു പ്രമുഖ തെലുങ്ക് നിർമാണ കമ്പനിയുടെ പിന്തുണയുണ്ടാകുമെന്നാണ് സൂചന.
അതേസമയം, ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45 ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൽ തൃഷയാണ് നായിക. മലയാളി താരങ്ങളായ ഇന്ദ്രൻസും സ്വാസികയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സംഗീത സംവിധാനം നിർവഹിക്കുന്നത് സായി അഭയങ്കറാണ്. ജി കെ വിഷ്ണുവാണ് ഛായാഗ്രഹണം.
അരുവി, തീരൻ അധികാരം ഒൺട്ര്‍, കൈതി, സുൽത്താൻ, ഒകെ ഒക ജീവിതം തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ എന്റെർറ്റൈനർ എന്നതിനുപരി ഹാസ്യത്തിനും പ്രാധാന്യം നൽകുന്ന ചിത്രമാണിതെന്ന് സംവിധായകൻ ആർ ജെ ബാലാജി സൂചിപ്പിച്ചിരുന്നു. 2025 രണ്ടാം പകുതിയിൽ ആണ് സൂര്യ 45 റിലീസ് ചെയ്യാൻ പദ്ധതിയിടുന്നത്.
Content Highlights: Actor Surya Lucky Bhaskar is reportedly gearing up for a film with director Venky Atluri