സൗകര്യങ്ങൾ ശരിയാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നത് വരെ ഇന്ത്യയിൽ ഷോകൾ അവതരിപ്പിക്കില്ലെന്ന് ഗായകനും നടനുമായി ദിൽജിത് ദോസഞ്ച്. ശനിയാഴ്ച ചണ്ഡീഗഡിലെ സംഗീത പരിപാടിക്കിടെയാണ് ദിൽജിത് ഈ പ്രഖ്യാപനം നടത്തിയത്. നിരവധി പേർക്ക് ജോലി ലഭിക്കുന്ന, വലിയൊരു വരുമാന സ്രോതസ്സാണ് ഇത്തരം ഷോകൾ എന്നും അവയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നും ദിൽജിത് കുറ്റപ്പെടുത്തി. ഇതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
'ഇവിടെ ഞങ്ങൾക്ക് തത്സമയ ഷോകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. ഇത്തരം പരിപാടികൾ വലിയ വരുമാനത്തിന്‍റെ സ്രോതസ്സാണ്, നിരവധി ആളുകൾക്ക് ജോലി ലഭിക്കുന്നു. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടും വരെ ഞാൻ ഇന്ത്യയിൽ ഷോകൾ ചെയ്യില്ല, അത് ഉറപ്പാണ്' ദിൽജിത് ദോസഞ്ച് പറഞ്ഞു. ഒപ്പം പുഷ്പയിലെ 'താഴത്തില്ലെടാ' എന്ന ഡയലോഗും അദ്ദേഹം പറയുന്നുണ്ട്.
ദിൽജിത് ദോസഞ്ചിന്‍റെ ഷോകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ദില്‍ മിനാറ്റി എന്ന് പേരിട്ട ഈ ഷോകള്‍ ഡൽഹിയിലാണ് ആരംഭിച്ചത്. തുടർന്ന് ജയ്പൂർ, ഹൈദരാബാദ്, അഹമ്മദാബാദ്, ലഖ്‌നൗ, പൂനെ, കൊൽക്കത്ത, ബംഗളൂരു എന്നിവിടങ്ങളിലും പരിപാടി അവതരിപ്പിച്ചിരുന്നു. ഇവിടങ്ങളിലെല്ലാം ഷോകൾ വലിയ വിജയവുമായിരുന്നു. കല്‍ക്കി, ഭൂല്‍ഭൂലയ്യ 3 എന്നീ സിനിമകളിൽ അദ്ദേഹം ആലപിച്ച ഗാനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പുറമെ ജോഗി, ക്രൂ തുടങ്ങിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിരുന്നു.
Content Highlights: Diljit Dosanjh announces he won't do shows in India until this happens