മലയാളികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ആദ്യ ഭാഗത്തിലെ ഒട്ടു മിക്ക കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിലും ഉണ്ടെന്നാണ് സൂചന. ഇപ്പോഴിതാ, ചിത്രത്തിലെ ഇന്ദ്രജിത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇന്ദ്രജിത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
'ഇത്തവണ സത്യം നിങ്ങളെ തേടി വരും' എന്ന ക്യാപ്ഷനോടെയാണ് ഇന്ദ്രജിത്തിന്റെ ഗോവർദ്ധൻ എന്ന കഥാപത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാൽ, പൃഥ്വിരാജ്, ടോവിനോ തുടങ്ങിയവർ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് നടന് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുമുണ്ട്.
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ഇവരെ കൂടാതെ ഹോളിവുഡ് ബോളിവുഡ് താരങ്ങളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Emburan team wishes Indrajith a happy birthday with new poster