മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവെച്ച് പ്രൊഡ്യൂസർമാരിൽ ഒരാളായാ സുഭാഷ്. നൂറു ദിവസത്തിലധികം സിനിമയുടെ ചിത്രീകരണം ഉണ്ടെന്നും നൂറു കോടി അല്ലെങ്കിൽ 90 കോടി അടുത്തതായിരിക്കും ചിത്രത്തിന്റെ ബജറ്റെന്നും ഇദ്ദേഹം പറഞ്ഞു. ഓൺ എയർ കേരള എന്ന യൂട്യൂബ് ചാനലിനോടായിരുന്നു പ്രതികരണം.
'ഇതൊരു ത്രില്ലർ സിനിമ ആയാണ് ഒരുങ്ങുന്നത്. മമ്മൂട്ടി, മോഹൻലാൽ, ചാക്കോച്ചൻ, നയൻതാര തുടങ്ങിവർ ചിത്രത്തിൽ ഉണ്ട്. ഇപ്പോൾ ഷാർജ ഷെഡ്യൂൾ ആണ് പൂർത്തിയായിരിക്കുന്നത്. ഇനി ശ്രീലങ്കയിലും ഇന്ത്യയിലും യുകെയിലുമായി കുറച്ചധികം ഷെഡ്യൂളുകൾ ഉണ്ട്. വലിയ ചിത്രമാണ് ഏകദേശം നൂറ്, നൂറ്റമ്പത്ത് ദിവസത്തെ ചിത്രീകരണം ഉണ്ട്. നൂറു കോടി അല്ലെങ്കിൽ 90 കോടി അടുത്തതായിരിക്കും ചിത്രത്തിന്റെ ബജറ്റ്.
വലിയ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നത്. ആ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. രണ്ടു പേർക്കും തുല്യ റോളുള്ള ചിത്രമാണ്. ഇത് രണ്ടു പേരുടെയും ചിത്രമാണ് എന്ന് തന്നെ പറയാം. ജൂണിലാണ് സിനിമയുടെ കഥ കേൾക്കുന്നത്. ഏകദേശം മൂന്ന് മണിക്കൂർ കൊണ്ടാണ് കഥ പറയുന്നത്. കേട്ടപ്പോൾ തന്നെ ഓക്കേ പറയുകയായിരുന്നു. ആന്റോ ജോസഫ് , സി ആർ സലിം എന്നിവർ ചേർന്ന് ഒരു പ്രൊഡക്ഷൻ ഹൗസ് പോലെയാണ് സിനിമ നിർമിക്കുന്നത്,' സുഭാഷ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു പറയാൻ ആയിട്ടില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം കമൽ ഹാസന്റെ തിരക്കഥയിൽ നിന്ന് വന്നതാണെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ സിനിമ തികച്ചും വ്യത്യസ്തമായ തിരക്കഥയാണെന്നും ഇത് പൂർണമായും തന്റെ സിനിമയാണെന്നും മഹേഷ് നാരായണൻ അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. ഹാപ്പി ന്യൂ ഇയർ, റോക്കി ഔർ റാണി കി പ്രേം കഹാനി, ഡങ്കി തുടങ്ങിയ ബോളിവുഡ് സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചത് മനുഷ് നന്ദനാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
Content Highlights: mahesh narayanan new movie update share producer