മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ ആദ്യ സംവിധാനമായിരുന്നു ലൂസിഫർ. മികച്ച സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. മോഹൻലാലിന്റെ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
സംവിധായകനായ പൃഥ്വിരാജിന്‍റെ പ്രത്യേകതകളെ കുറിച്ച് മനസുതുറക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. സിനിമ മുഴുവൻ പൃഥ്വിയുടെ മനസിൽ ഉണ്ടാകുമെന്നും കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി അദ്ദേഹം ഏതറ്റം വരെയും പോകുമെന്നും മോഹൻലാൽ പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
'അമ്പരപ്പിക്കുന്ന സംവിധായകനാണ് പൃഥ്വിരാജ്. സിനിമാ സാങ്കേതികതയെ കുറിച്ച് അദ്ദേഹത്തിന് നല്ല വ്യക്തതയുണ്ട്. അഭിനയിക്കുന്നവരെ കുറിച്ചും അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. കഥാപാത്രത്തിന് അനുസരിച്ച് അദ്ദേഹം അഭിനേതാക്കളെ കൊണ്ട് അഭിനയിപ്പിച്ചെടുക്കും. വളരെയധികം അര്‍പ്പണബോധമുള്ള ഡയറക്ടറാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യുന്നത് കുറച്ച് ബുദ്ധിമുട്ടാണ്. കാരണം പൂർണമായും അദ്ദേഹത്തിന് മുന്നിൽ നിങ്ങൾ സറണ്ടർ ചെയ്യണം. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അദ്ദേഹം ഏതറ്റം വരെയും പോവാന്‍ തയ്യാറാണ്.
ആ സിനിമ മുഴുവന്‍ അദ്ദേഹത്തിന്റെ മനസിലുണ്ടാവും. അതുകൊണ്ട് തന്നെ കുറവുകള്‍ വരുത്താന്‍ അദ്ദേഹം ഒരുക്കമല്ല,' മോഹൻലാൽ പറഞ്ഞു.
#Mohanlal talks about Director #PrithvirajSukumaranpic.twitter.com/SxhRrsBbdH
— AB George (@AbGeorge_) December 18, 2024
നിരവധി പ്രതീക്ഷയുള്ള സിനിമകളാണ് മോഹൻലാലിന്റേതായി പുറത്തിറങ്ങാനുള്ളത്. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന 'ബറോസ്' ഇ വർഷം ഡിസംബര്‍ 25 ന് തിയേറ്ററുകളിലെത്തും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമ ചിത്രമായ 'തുടരും' ആണ് ഇനി പുറത്തിറങ്ങാനുള്ള മറ്റൊരു മോഹൻലാൽ സിനിമ.
Content Highlights: Actor Mohanlal on Prithviraj's direction