നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഫാന്റസി പീരീഡ് ഴോണറിൽ ഒരുങ്ങിയ സിനിമ കുട്ടികളെ ലക്‌ഷ്യം വെച്ചാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ പ്രോമോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കടലിനടിയിലെ കാഴ്ചകളുടെ പശ്ചാത്തലത്തിലാണ് ബംബൂസിയ എന്ന് പേരിട്ടിരിക്കുന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത്. കടലിനടിയിലെ ജീവികളും സിനിമയിലെ പ്രധാന കഥാപാത്രമായ ഇസബെല്ലയും തമ്മിലുള്ള ബന്ധമാണ് ഗാനത്തിൽ പശ്ചാത്തലമാകുന്നത്. അനിമേഷനായി ഒരുക്കിയിരിക്കുന്ന ഗാനത്തിൽ നീരാളിക്കായി ശബ്ദം നൽകിയിരിക്കുന്നത് മോഹൻലാലാണ്.
ലിഡിയൻ നാദസ്വരം കമ്പോസ് ചെയ്തിരിക്കുന്ന ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത് കൃഷ്ണദാസ് പങ്കി ആണ്. മോഹൻലാൽ, അഞ്ജന പത്മനാഭൻ, അമൃതവർഷിണി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നേരത്തെ സിനിമയിലെ ഇസബെല്ലാ എന്ന ഗാനം പുറത്തിറക്കിയിരിക്കുന്നു. മോഹൻലാൽ പാടിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ബറോസ് തിയേറ്ററിലെത്തുന്നത്. മികച്ച പ്രതികരണങ്ങളായിരുന്നു സിനിമയുടെ ട്രെയിലറിന് ലഭിച്ചത്. സിനിമയുടെ വിര്‍ച്വല്‍ ത്രീഡി ട്രെയ്‌ലറാണ് പുറത്തിറങ്ങിയത്. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്.
മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. നിധി കാക്കുന്ന ഒരു ഭൂതവും ഒരു കൊച്ചു കുട്ടിയും അവരുടെ അത്ഭുത ലോകവുമെല്ലാമുള്ള സിനിമ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരു ക്രിസ്തുമസ് വിരുന്നായിരിക്കുമെന്ന് പ്രതീക്ഷിക്കാം. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
Content Highlights: New Underwater song from Mohanlal film Barroz out now