വിടുതലൈയ്ക്ക് മൂന്നാം ഭാഗം വേണമെന്നാണ് എന്റെ അഭിപ്രായം: വിജയ് സേതുപതി

'രണ്ടാം ഭാഗത്തോടെ തീര്‍ക്കാം എന്ന് കരുതിയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. എന്നാല്‍ സിനിമയുടെ മൂന്നാം ഭാഗം കൂടെ പ്രേക്ഷകര്‍ക്ക് കൊടുക്കാന്‍ അദ്ദേഹത്തിന് കഴിയും'

dot image

വെട്രിമാരന്‍ സംവിധാനം ചെയ്ത് ഏറെ പ്രശംസ നേടിയ വിടുതലൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. സൂരി നായകനായ വിടുതലൈയുടെ ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. വിടുതലൈയുടെ ആദ്യ ഭാഗത്തിന്റെ അവസാന അഞ്ച് മിനിറ്റില്‍ വിജയ് സേതുപതിയും എത്തിയിരുന്നു. രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതിയുടെ വാദ്ധ്യാര്‍ എന്ന കഥാപാത്രത്തിന്‍റെ കഥയാണ് പറയുന്നത്.

സിനിമയ്ക്ക് മൂന്നാം ഭാഗം ഉണ്ടായേക്കാം എന്ന സൂചനയാണ് ഇപ്പോൾ വിജയ് സേതുപതി പങ്കുവെച്ചിരിക്കുന്നത്. താന്‍ സംവിധായകന്‍ വെട്രിമാരനോട് വിടുതലൈയുടെ അടുത്ത ഭാഗം ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ എല്ലാം വെട്രിമാരന്റെ കയ്യിലാണുള്ളതെന്നും വിജയ് സേതുപതി പറഞ്ഞു. അടുത്ത ഭാഗത്തിനുള്ള കഥയും കാഴ്ചകളും ചിത്രത്തില്‍ ഉണ്ടെന്നും ഓരോ കഥാപാത്രങ്ങള്‍ക്കും സ്റ്റാന്‍ഡ് അലോണ്‍ സിനിമകള്‍ക്കുള്ള സാധ്യതകള്‍ വിടുതലൈയ്ക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

‘ഞാന്‍ തന്നെ വെട്രിമാരനോട് പറഞ്ഞിട്ടുണ്ട് മൂന്നാം ഭാഗം കൂടെ നമുക്ക് ചെയ്യാമെന്ന്. ഈ കഥ ഇനിയും തുടരാന്‍ കഴിയും. എക്സ്റ്റന്റഡ് കട്ട് ആയിട്ട് ഈ ചിത്രത്തിനെ അദ്ദേഹം ഇനിയും വിടുമെന്നാണ് എനിക്ക് തോന്നുന്നത്. അതെല്ലാം വെട്രിമാരന്റെ കയ്യിലാണുള്ളത്. എന്നാല്‍ മൂന്നാം ഭാഗം ചെയ്യാന്‍ മാത്രം കഥകളും കാഴ്ചകളും ഈ ചിത്രത്തിനുണ്ട്. രണ്ടാം ഭാഗത്തോടെ തീര്‍ക്കാം എന്ന് കരുതിയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. എന്നാല്‍ സിനിമയുടെ മൂന്നാം ഭാഗം കൂടെ പ്രേക്ഷകര്‍ക്ക് കൊടുക്കാന്‍ അദ്ദേഹത്തിന് കഴിയും എന്നാണ് എന്റെ അഭിപ്രായം. അതില്‍ ഓരോരുത്തരുടെയും കഥാപാത്രത്തെയും എടുത്ത് ഒറ്റക്കൊറ്റയ്ക്കുള്ള സിനിമ ചെയ്യാന്‍ കഴിയും.

സൂരി ചെയ്ത കുമരേസന്‍ എന്ന കഥാപാത്രം, അതുവെച്ചും സെപ്പറേറ്റ് ആയിട്ടുള്ള സിനിമ ചെയ്യാന്‍ കഴിയും. മഹാലക്ഷ്മി എന്നൊരു കഥാപാത്രം സിനിമയില്‍ ഉണ്ട്, ഒരു സീനില്‍ ഞാനും മഹാലക്ഷ്മിയും കൂടി കണ്ടുമുട്ടുന്ന ഭാഗമില്ലേ, ആ സീന്‍ മുതല്‍ മഹാലക്ഷ്മി എന്നെ മനസിലാക്കുന്നതുവരെ ഒരു സിനിമക്കുള്ള സാധ്യതയുണ്ടാകും. മഹാലക്ഷ്മി വിത്ത് ത്രീ കിഡ്‌സ് എന്നുതന്നെ അതിന് പേരും വെക്കാം,’ വിജയ് സേതുപതി പറഞ്ഞു.

ഡിസംബര്‍ 20 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറും പാട്ടുകളുമെല്ലാം മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തിന്റെ വിതരണാവകാശം കേരളത്തില്‍ സ്വന്തമാക്കിയിരിക്കുന്നത് വൈഗ മെറിലാന്‍ഡ് റിലീസ് ആണ്. 82 ഓളം സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ പുതിയ സംരംഭമാണിത്. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമാണം.

Content Highlights: vijay sethupathi say he wis to do third part of viduthalai

dot image
To advertise here,contact us
dot image