2024 തന്റെ സിനിമാ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു എന്ന് പറയുകയാണ് നടന്‍ ശ്യാം മോഹന്‍. പ്രേമലുവിന്റെ വിജയം കരിയറില്‍ വലിയ മാറ്റത്തിന് വഴിവെച്ചുവെന്നും ശ്യാം മോഹന്‍ പറയുന്നു. എക്‌സ്ട്രാ ഡീസന്റ് എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് കരിയറിനെ കുറിച്ച് ശ്യാം സംസാരിച്ചത്.
'2015ല്‍ ജോലി കളഞ്ഞ് കൊച്ചിയിലേക്ക് എത്തിയ ശേഷം മുതല്‍ ഓരോ വര്‍ഷവും, അടുത്ത വര്‍ഷം എല്ലാം ശരിയാകുമെന്ന് വിചാരിക്കാറുണ്ടായിരുന്നു. 2017ല്‍ 2018ല്‍ ശരിയാകുമെന്ന് കരുതും, 2018ല്‍ 2019ല്‍ ശരിയാകുമെന്ന് കരുതും, അങ്ങനെ. ഒടുവില്‍ 2024ല്‍ അങ്ങനെ കാര്യങ്ങള്‍ ശരിക്കും മാറി.
പ്രേമലു ഇത്രയും സക്‌സസ്ഫുള്‍ ആകുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. ഓഡിഷന്‍ വഴിയാണ് സിനിമയിലെത്തിയത്. ഓഫീസിലൊക്കെയുള്ള സ്ഥിരം 'കോഴി' വേഷം ആകുമെന്നാണ് കരുതിയത്. പക്ഷെ സ്‌ക്രിപ്റ്റ് കയ്യില്‍ കിട്ടിയപ്പോഴാണ് ആദി എന്ന കഥാപാത്രം വലിയ സംഭവമാണെന്നും, ഇയാളാണ് കഥയെ ഒരു സൈഡില്‍ നിന്നും കൊണ്ടുപോകുന്നത് എന്നും മനസിലാകുന്നത്. അതിനുശേഷം പരമാവധി പരിശ്രമിച്ചു. കുത്തിയിരുന്ന് രണ്ട് മാസം സ്‌ക്രിപ്റ്റില്‍ കിടന്നുറങ്ങി എന്ന് തന്നെ പറയാം. അതെല്ലാമായിരിക്കാം റിസല്‍ട്ടായത്,'
ആദ്യ നാളുകളില്‍ പേയ്‌മെന്റ് മാത്രം ചോദിച്ച് സിനിമയിലേക്ക് വിളിച്ചിരുന്നതില്‍ നിന്നും മാറി കഥ കേള്‍ക്കാനായി ആളുകള്‍ വിളിക്കുന്നത് ഏറെ സന്തോഷകരമായ മാറ്റമാണെന്നും ശ്യാം പറഞ്ഞു. വീഡിയോ കണ്ടന്റ് ക്രിയേറ്ററായ നാളുകള്‍ മുതല്‍ സിനിമയിലേക്ക് എത്തുക എന്നത് സ്വപ്‌നമായിരുന്നെങ്കിലും വെബ് സീരിസുകളുടെ ഭാഗമായി പ്രവര്‍ത്തിച്ചതാണ് സിനിമയെയും അഭിനയത്തെയും ഗൗരവകരമായി സമീപിക്കാന്‍ സഹായിച്ചതെന്നും ശ്യാം പറഞ്ഞു.
'വീഡിയോ കണ്ടന്റ് ക്രിയേഷനും ഷോര്‍ട്ട് ഫിലിംസും മ്യൂസിക് വീഡിയോസും ചാനലുകളില്‍ ആങ്കറിങ്ങുമെല്ലാം ചെയ്തിരുന്നു. പൊന്മുട്ട എന്ന വെബ്‌സീരിസില്‍ എത്തിയ ശേഷമാണ് സിനിമയെ സീരിയസായി എടുക്കാന്‍ തുടങ്ങിയത്. അവിടെ സ്‌ക്രിപ്റ്റിങ്ങ് തുടങ്ങിയ എല്ലാ കാര്യങ്ങളിലും ഭാഗമായിരുന്നു. പൊന്മുട്ട കണ്ടിട്ടാണ് പത്രോസിന്റെ പടപ്പുകളിലേക്ക് വിളിക്കുന്നതും. സിനിമ ഹിറ്റാകുമെന്നും ഇനി ഇതോടെ എല്ലാം സെറ്റാകുമെന്നും കരുതി. പക്ഷെ അതുണ്ടായില്ല. അപ്പോഴാണ് സിനിമ അത്ര എളുപ്പമല്ല എന്ന് മനസിലായത്.
അതിനുശേഷം പല ചെറിയ വേഷങ്ങളും ചെയ്തു. അന്നെല്ലാം ഇത്ര ദിവസത്തെ ഷൂട്ടുണ്ട് എത്രയാണ് പേയ്‌മെന്റ് എന്നാണ് ആളുകള്‍ ചോദിച്ചിരുന്നത്. ഇന്ന് അതുമാറി ഒരു കഥയുണ്ട് കേള്‍ക്കാമോ എന്ന് ചോദിക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. അത് പ്രേമലു എന്ന സിനിമ കൊണ്ട് സംഭവിച്ചതാണ്,' ശ്യാം മോഹന്‍ പറയുന്നു.
സുരാജ്, ഗ്രേസ് ആന്റണി എന്നിവര്‍ക്കൊപ്പം പ്രധാന വേഷത്തിലെത്തുന്ന എക്‌സ്ട്രാ ഡീസന്റാണ് ശ്യാം മോഹന്റെ പുതിയ ചിത്രം. ജനുവരി 20ന് സിനിമ തിയേറ്ററുകളിലെത്തും. പ്രേമലുവിന് ശേഷം നടന്‍ ഭാഗമായ നുണക്കുഴിയും തമിഴ് ചിത്രം അമരനും തിയേറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. ശ്യാമിന്റെ വേഷവും ശ്രദ്ധ നേടിയിരുന്നു.
Content Highlights: Shyam Mohan about Premalu and cinema career